ജയിംസ് ബോണ്ട് നായകന്‍ ഓര്‍മ്മയായി; ഏഴുതവണ ജയിംസ്‌ബോണ്ടായി പ്രേക്ഷകരെ വിസ്മയിപ്പിച്ച റോജര്‍ മൂറാണ് വിടവാങ്ങിയത്

മൊണോക്കോ: ലോകസിനിമയില്‍ വിസ്മയം സൃഷ്ടിച്ച ജയിംസ് ബോണ്ട് ചിത്രങ്ങളിലെ പ്രിയ നായകന്‍ ഇനി ഓര്‍മ്മ. ഏഴു തവണ ജയിംസ് ബോണ്ടായി വേഷമിട്ട സര്‍ റോജര്‍മൂര്‍ 89ാം വയസ്സിലാണ് ജീവിതത്തില്‍ നിന്ന് വിടവാങ്ങിയത്. കാന്‍സര്‍ രോഗബാധയേറ്റ് ചികിത്സയിലായിരുന്ന റോജര്‍ മൂര്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ വസതിയിലാണ് മരിച്ചതെന്നു കുടുംബം വ്യക്തമാക്കി.

ഏറെ സങ്കടത്തോടെയാണ് തങ്ങളുടെ പിതാവ് അന്തരിച്ച വിവരം അറിയിക്കുന്നതെന്നും ക്യാന്‍സറിനെതിരെ ധാരമായ പോരാട്ടത്തിലായിരുന്നു മൂര്‍ എന്നും കുടുംബം ട്വിറ്ററിലൂടെ അറിയിച്ചു. ജയിംസ് ബോണ്ട് വേഷത്തില്‍ എത്തുന്ന മൂന്നാമത്തെ നടനായിരുന്നു മൂര്‍. 1973 ല്‍ പുറത്തിറങ്ങിയ ലീവ് ആന്‍ഡ് ലെറ്റ് ഡൈ ആയിരുന്നു മൂറിന്റെ ആദ്യത്തെ ബോണ്ട് സിനിമ.

ദി മാന്‍ വിത്ത് ഗോള്‍ഡന്‍ ഗണ്‍, ദി സ്‌പൈ ഹൂ ലവ്ഡ് മി. മൂണ്‍റാക്കെര്‍, ഫോര്‍ യുവര്‍ ഐസ് ഒണ്‍ലി, ഒക്ടോപസി എന്നീ ബോണ്ട് ചിത്രങ്ങളിലും റോജര്‍ മൂര്‍ വെള്ളിത്തിരിയില്‍ മിന്നിത്തിളങ്ങി. ഇന്ത്യയില്‍ ചിത്രീകരിച്ചിട്ടുള്ള ഏക ബോണ്ട് ചിത്രമായ ഒക്ടോപസിയിലും മൂര്‍ തന്നെയായിരുന്നു നായകന്‍. പരസ്യമോഡലായി കരിയര്‍ ആരംഭിച്ച മൂര്‍ ടെലിവിഷന്‍ അഭിനേതാവില്‍ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. 2011 ല്‍ വന്ന എ പ്രിന്‍സസ് ഫോര്‍ ക്രിസ്മസ് ആണ് മൂറിന്റെ അവസാന ചിത്രം.
യുകെയിലെ സ്‌റ്റോക്വെല്ലിലായിരുന്നു ജനനം. ജയിംസ്‌ബോണ്ട് വേഷങ്ങളിലൂടെ ചലച്ചിത്രപ്രേമികളുടെ പ്രിയതാരമായ മൂറിന് ബ്രിട്ടിഷ് സര്‍ക്കാര്‍ സര്‍ പദവി നല്‍കി ആദരിച്ചിട്ടുണ്ട്. മൊണോക്കയിലാകും സംസ്‌കാരചടങ്ങുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here