എല്ലാം ശരിയാകും; എല്ലാവരും സുരക്ഷിതമായ വീട്ടില്‍ അന്തിയുറങ്ങും; പിണറായി സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫിന് തുടക്കമായി

കൊല്ലം: സുരക്ഷിതമായ വീട്ടില്‍ അന്തിയുറങ്ങുകയെന്ന കേരളത്തിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും സ്വപ്നം ഇനി സാക്ഷാത്കരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി ലൈഫിന്റെ സംസ്ഥാനതല ഉദ്ഘാടനം പുനലൂരില്‍ നിര്‍വഹിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജനതയ്ക്ക് ഉറപ്പ് നല്‍കിയത്.
ജീവിത പ്രയാസങ്ങള്‍കൊണ്ടും മറ്റു സാഹചര്യങ്ങള്‍ മൂലവും സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പലര്‍ക്കും കഴിയാറില്ല. ആ സ്വപനം നിറവേറ്റാതെ മണ്ണടിഞ്ഞുപോകുന്നവര്‍ ഏറെയാണ്. നമ്മോടൊപ്പം ജീവിക്കുന്ന ഒരുകൂട്ടം ഹതഭാഗ്യരുടെ പ്രശ്‌നം സമൂഹം ഏറ്റെടുക്കുകയാണ്. വിവധ ഭവനനിര്‍മാണ പദ്ധതികളെ ഏകോപിപ്പിച്ച് നടപ്പാക്കുന്ന ലൈഫിലൂടെ നാലു വര്‍ഷംകൊണ്ട് വീടില്ലാത്ത എല്ലാവര്‍ക്കും വീടു നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
വീടും സ്ഥലവുമില്ലാത്തവര്‍ മാത്രം രണ്ടു ലക്ഷത്തോളം വരും. എല്ലാവര്‍ക്കും പ്രത്യേകം വീടു നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തുന്നതിന് പ്രായോഗിക ബുദ്ധിമട്ടുള്ളതുകൊണ്ടാണ് ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുനലൂരില്‍ 46 സെന്റ് സ്ഥലത്ത് 64 കുടുംബങ്ങള്‍ക്കായി നാലു നിലകളില്‍ എട്ടു ബ്ലോക്കുകളിലായാണ് ഭവനങ്ങളൊരുക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വീടു നല്‍കുന്നതിനു പുറമെ അവിടെ താമസിക്കുന്ന കുടുംബങ്ങളുട വിവിധ തലങ്ങളിലുള്ള സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. നാട്ടിലെ നല്ലവരായ ഒട്ടേറെപ്പേരുട സഹായംകൂടി പ്രതീക്ഷിച്ചാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. അത്തരം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായം സ്വീകരിക്കുംമുഖ്യമന്ത്രി വ്യക്തമാക്കി.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു. പി.എം.എ.വൈ ഭവനപദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ വിതരണം വനംമന്ത്രി കെ. രാജു നിര്‍വഹിച്ചു. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ സന്നിഹിതയായി. ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എസ്. ഹരികിഷോര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News