‘മുഖ്യമന്ത്രി അപ്പൂപ്പന്‍ വിചാരിച്ചാല്‍ എല്ലാം നടക്കും’; സൂര്യജിത്തിന്റെ ഭവനത്തിലും പ്രകാശമെത്തി; മുഖ്യമന്ത്രിയെ അടുത്തറിഞ്ഞ് നാലു വയസുകാരനും സഹോദരനും

കൊല്ലം: അനാഥത്വവും ദുരവസ്ഥയും പറഞ്ഞ് നാലു വയസുകാരന്റെ കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹാരം കണ്ടു. വൈദ്യുതി കണക്ഷനും വെള്ളവും നല്‍കുന്നതിന് നടപടി സ്വീകരിച്ചുവെന്നു മാത്രമല്ല, പുനലൂരില്‍ വച്ച് പഠന മേശയും ബാഗും മുഖ്യമന്ത്രി സമ്മാനിച്ചു.

ചവറ തെക്കുംഭാഗം ജിഡിയുപിഎസിലെ നാലാം ക്ലാസുകാരന്‍ സൂര്യജിത്ത്, വീട്ടിലെ ഇല്ലായ്മകളാണ് മുഖ്യമന്ത്രിയ്‌ക്കെഴുതിയ പത്തുവരി കത്തില്‍ സൂചിപ്പിച്ചിരുന്നത്.

‘ഒരുപാട് സ്‌നേഹമുള്ള മുഖ്യമന്ത്രി അപ്പൂപ്പന്, എന്റെ പേര് സൂര്യജിത്ത്. കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം ജിയുപി സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്നു. എന്റെ വീട്ടില്‍ ഒരു കുഞ്ഞനിയനും അമ്മൂമ്മയും മാത്രമാണുള്ളത്. അച്ഛനും അമ്മയും ചെറുതിലേ മരിച്ചു. അമ്മൂമ്മ കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്യുകയാണ്. ഞങ്ങള്‍ക്ക് വീട്ടില്‍ കരണ്ടോ വെള്ളമോ ഇല്ല. പഠന മുറിയും മറ്റു സൗകര്യങ്ങളുമില്ല. മുഖ്യമന്ത്രി അപ്പൂപ്പന്‍ വിചാരിച്ചാല്‍ ഇതൊക്കെ നടക്കും എന്ന് ഒരുപാടുപേര്‍ പറഞ്ഞു. ഒരുപാട് സ്‌നേഹത്തോടെ പ്രതീക്ഷയോടെ സൂര്യജിത്ത്’.-ഇതായിരുന്നു കത്തിലെ ഉള്ളടക്കം.

മുഖ്യമന്ത്രി നിര്‍ദേശിച്ചതനുസരിച്ച് സൂര്യജിത്തിന്റെ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കി. വീട് അറ്റകുറ്റപ്പണി നടത്തുന്നതിനും കുടിവെള്ള പൈപ്പ് കണക്ഷന്‍ അടിയന്തരമായി നല്‍കുന്നതിനും മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ലൈഫ് മിഷന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ സൂര്യജിത്തിനും അനുജനും പഠനമേശകളും നോട്ടു ബുക്കുകളും സ്‌കൂള്‍ ബാഗുകളും മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News