കൊലക്കേസ് പ്രതികളെ സംരക്ഷിക്കാന്‍ ആര്‍എസ്എസിന്റെ പണപ്പിരിവ്; ഓരോ പ്രവര്‍ത്തകനും നല്‍കുന്നത് 20 ലക്ഷം രൂപ വരെ; കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ആഹ്വാനം

തിരുവനന്തപുരം: കൊലക്കേസ് പ്രതികളെ സംരക്ഷിക്കാന്‍ സംസ്ഥാനത്ത് ആര്‍എസ്എസിന്റെ ഭീമന്‍ പണപ്പിരിവ്. 500 കോടി രൂപ ശേഖരിക്കാനാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. അക്രമികളെയും കൊലയാളികളെയും സഹായിക്കാനെന്ന് പരസ്യമാക്കാതെ പ്രവര്‍ത്തനനിധി എന്ന പേരിലാണ് പണം ശേഖരിക്കുന്നത്.

ആര്‍എസ്എസിന്റെ വ്യാപക ഫണ്ട് ശേഖരണത്തെക്കുറിച്ച് പൊലീസ് ഇന്റലിജന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. അപകടകരമായ വര്‍ഗീയധ്രുവീകരണമടക്കം ഫണ്ട് സമാഹരണത്തിലുണ്ടെന്ന മുന്നറിയിപ്പും ഇന്റലിജന്‍സ് നല്‍കിയിട്ടുണ്ട്.

ആര്‍എസ്എസ് മെയ് നിധി സമാഹരണമാസമായി ആചരിക്കുകയാണ്. 30നകം തുക സമാഹരിക്കാനാണ് തീരുമാനം. ആര്‍എസ്എസ് പ്രജ്ഞാപ്രവാഹക് പ്രചാരകായ (ബൗദ്ധികവിഭാഗം) ജെ സേതുമാധവനാണ് നിധിസമാഹരണത്തിന്റെ ഏകോപന ചുമതല. സംസ്ഥാന പ്രാന്തപ്രചാരക് പി ഗോപാലന്‍കുട്ടിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയുമുണ്ട്. സമിതിയുടെ യോഗം 27ന് കൊച്ചിയില്‍ ചേരും.

സുബ്രഹ്മണ്യന്‍സാമി, സാക്ഷിമഹാരാജ് തുടങ്ങിയ ദേശീയനേതാക്കളടക്കം പങ്കെടുക്കുന്ന യോഗം ബൗദ്ധികവിഭാഗ കൂട്ടായ്മയെന്നാണ് ആര്‍എസ്എസ് നേതൃത്വം അവകാശപ്പെടുന്നത്. ഫണ്ട് സമാഹരണ അവലോകനവും അജണ്ടയിലുണ്ട്. കോയമ്പത്തൂരില്‍ ഈയടുത്ത് ചേര്‍ന്ന ആര്‍എസ്എസ് അഖിലഭാരത പ്രതിനിധിസഭ ദേശീയതലത്തില്‍ കേരളത്തിലെ സംഘത്തെ സഹായിക്കാന്‍ നിധിനല്‍കാന്‍ തീരുമാനിച്ചിരുന്നു. ദേശീയഫണ്ടും കൂടി ലഭ്യമായാല്‍ പ്രചണ്ഡപ്രചാരണപ്രവര്‍ത്തനങ്ങളാകും അഴിച്ചുവിടുക.

കൊലക്കേസില്‍ അകപ്പെട്ടവരെ സഹായിക്കാനാണ് ഫണ്ട് എന്നാണ് മണ്ഡലം, മഹാനഗരം ശാഖ എന്നീ സംഘടനാസമിതികളിലൂടെയും വിശദീകരിച്ചിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം മാത്രം പന്ത്രണ്ട് സിപിഐഎം പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ കൊന്നിട്ടുണ്ട്. കാസര്‍കോട്ട് മദ്രസാ അധ്യാപകന്‍ റിയാസ് മൗലവി, മലപ്പുറം കൊടിഞ്ഞിയില്‍ മതംമാറിയ ഫൈസല്‍ എന്നിവരെ വധിച്ചതും ആര്‍എസ്എസാണ്.

അതേസമയം, 500 കോടിഫണ്ട് സമാഹരിക്കുന്നില്ലെന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം. കണ്ണൂര്‍ പീഡിതനിധി എന്നപേരില്‍ പണം പിരിക്കുന്നുണ്ടെന്നും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News