രാജീവ് ഗാന്ധി വധത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്ന വിവാദ സ്വാമി അന്തരിച്ചു

ദില്ലി: രാജീവ് ഗാന്ധി വധത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്ന വിവാദ ആത്മീയ നേതാവ് ചന്ദ്രസ്വാമി (68) എന്ന നേമി ചന്ദ് അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.56ന് ദില്ലി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ സ്വാമി ഉള്‍പ്പെട്ടിരിക്കാമെന്ന സിബിഐ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സാഹചര്യത്തെളിവുകളും രേഖകളും ചന്ദ്രസ്വാമിക്ക് എതിരെയാണെന്നാണ് ദില്ലി അഡീഷനല്‍ ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സിബിഐ വ്യക്തമാക്കിയത്.

രാജീവ് ഗാന്ധിയെ വധിക്കാന്‍ എല്‍ടിടിഇക്ക് ചന്ദ്രസ്വാമി സഹായം നല്‍കിയെന്ന് സംശയമുണ്ടെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് സുപ്രീംകോടതിയും ചോദിച്ചിരുന്നു. ജെയിന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചന്ദ്രസ്വാമിയുടെ പങ്കിനെക്കുറിച്ച് ഒരു അധ്യായം തന്നെ മാറ്റിവച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതേക്കുറിച്ച് അന്വേഷണമുണ്ടായില്ല.

മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ആത്മീയ ഉപദേശകനായാണ് ചന്ദ്രസ്വാമി അറിയപ്പെട്ടിരുന്നത്. ബ്രൂണെ സുല്‍ത്താന്‍, ഹോളിവുഡ് നടി എലിസബത്ത് ടെയ്‌ലര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍, ആയുധ ഇടപാടുകാരന്‍ അദ്‌നാന്‍ ഖഷോഗി, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം എന്നിവര്‍ക്കും ചന്ദ്രസ്വാമി ഉപദേശം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐപിഎല്ലില്‍ പഞ്ചാബ് ടീം പരാജയപ്പെട്ടപ്പോള്‍ ഉപദേശം തേടി നടിയും ടീം ഉടമയുമായ പ്രീതി സിന്റ ചന്ദ്രസ്വാമിയെ സമീപിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിലും ചന്ദ്രസ്വാമി ഉള്‍പ്പെട്ടിരുന്നു. ലണ്ടനിലെ വ്യവസായി ലക്കുബായി പഥക്കില്‍ നിന്ന് ഒരു ലക്ഷം ഡോളര്‍ തട്ടിയ കേസില്‍ 1996ല്‍ ചന്ദ്രസ്വാമി അറസ്റ്റിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News