സ്ത്രീ വിരുദ്ധ പരാമര്‍ശം; ഗായകന്‍ അഭിജിത് ഭട്ടാചാര്യയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു; അരുന്ധതി റോയിക്കെതിരായ ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ ബിജെപി നേതാവിനും നിര്‍ദേശം

ദില്ലി: ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷഹല റാഷിദിനെക്കുറിച്ച് മോശം പരാമര്‍ശം നടത്തി ബോളിവുഡ് ഗായകന്‍ അഭിജിത് ഭട്ടാചാര്യയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. സ്ത്രീ വിരുദ്ധ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് നടപടി.

ബിജെപി നേതാവ് ഉള്‍പ്പെട്ട സെക്‌സ് റാക്കറ്റ് പിടിയിലായത് സംബന്ധിച്ച് പോസ്റ്റിലാണ്, അഭിജിത് ഷഹല റാഷിദിനെ അപമാനിച്ചത്. ഇതിനെതിരെ ഷഹല പൊലീസില്‍ പരാതി നല്‍കിയിരുന്നു. ട്വിറ്ററിന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് അക്കൗണ്ട് മരവിപ്പിച്ചത്. മുന്‍പും ലൈംഗിക ചുവയുള്ള, അപകീര്‍ത്തികരമായ ട്വീറ്റുകള്‍ നടത്തി അഭിജിത് വിവാദത്തില്‍പ്പെട്ടിരുന്നു. 2016ല്‍ പത്രപ്രവര്‍ത്തക സ്വാതി ചതുര്‍വ്വേദിക്കെതിരെ ട്വീറ്റ് ചെയ്തതിന് അഭിജിതിനെ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, അരുന്ധതി റോയിക്കെതിരെ നടത്തിയ ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ ബിജെപി എംപി പരേഷ് റാവലിനോടും ട്വിറ്റര്‍ ആവശ്യപ്പെട്ടു. അരുന്ധതി റോയിയെ സൈനിക ജീപ്പില്‍ കെട്ടണമെന്നായിരുന്നു, ബിജെപി എംപിയുടെ പോസ്റ്റ്. ‘കശ്മീരിലെ കല്ലേറുകാരന് പകരം അരുന്ധതി റോയിയെയാണ് ജീപ്പില്‍ കെട്ടിയിടേണ്ടത്’ എന്നായിരുന്നു ട്വീറ്റ്. ഈ ട്വീറ്റ് പിന്‍വലിക്കാനാണ് ട്വിറ്ററിന്റെ നിര്‍ദേശം. അല്ലാത്തപക്ഷം അക്കൗണ്ട് മരവിപ്പിക്കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel