സര്‍ക്കാര്‍ ഓഫീസുകളിലെ സേവനം ഔദാര്യമല്ല, അവകാശമാണെന്ന് മുഖ്യമന്ത്രി; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജനങ്ങള്‍ വരുന്നത് ഔദാര്യം നേടാന്‍ വേണ്ടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫീസുകള്‍ ജനസൗഹൃദവും സുതാര്യവും ആകണം. സര്‍ക്കാര്‍ സേവനം അവകാശത്തില്‍പ്പെട്ടതാണ് എന്ന ബോധ്യം എല്ലാവര്‍ക്കും വേണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

സര്‍ക്കാര്‍ ഓഫീസില്‍ പലതവണ കയറി ഇറങ്ങിയിട്ടും വ്യക്തത ലഭിക്കാത്ത സാഹചര്യമുണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രവണതയ്ക്ക് അന്ത്യം കാണേണ്ടതുണ്ടെന്നും അനാവശ്യമായി കയറി ഇറങ്ങേണ്ട അവസ്ഥ ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതി വിമുക്തരാകണമെന്നതാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രജിസ്‌ട്രേഷന്‍ വകുപ്പ് നടപ്പാക്കുന്ന ഇ സ്റ്റാമ്പിംഗ് പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. ആധാര രജിസ്‌ട്രേഷന്‍ ഇന്റര്‍നെറ്റ് അധിഷ്ഠിതമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുന്നതോടെ എത്ര രൂപയുടെ ആധാരവും ഇനി ഓണ്‍ലൈനില്‍ ലഭ്യമാവും.

മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ ജനസൗഹൃദമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. വെണ്ടര്‍മാരുടെ തൊഴില്‍ ഇല്ലാതാക്കില്ല. എല്ലാവരും കാലത്തിനൊപ്പം മാറണം. ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങള്‍ വെണ്ടര്‍മാര്‍ വഴി തന്നെ വിറ്റഴിക്കുമെന്നും ജി സുധാകരന്‍ പറഞ്ഞു.

ആദ്യ ഇ മുദ്രപത്രം കല്ലറ ജുമാന മന്‍സിലില്‍ നസീറ ബീവി മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. മുദ്രപത്ര രജിസ്‌ട്രേഷന് ലോകത്തെവിടെ നിന്നും ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി പണമടയ്ക്കാം. ട്രഷറി ചെലാന്‍ വഴിയും പണമടയ്ക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ഐസിയുടെ സഹകരണത്തോടെയാണ് രജിസ്‌ട്രേഷന്‍ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News