മാഞ്ചസ്റ്ററിന് സ്വപ്‌ന കിരീടം; യുറോപ ലീഗില്‍ മുത്തമിട്ടത് അയാക്‌സിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത്

മാഞ്ചസ്റ്റര്‍:അരീനയിലെ ചാവേര്‍ സ്‌ഫോടനത്തിന്റെ നടുക്കം വിട്ടുമാറും മുമ്പെ കളത്തിലിറങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിശ്വരൂപം പൂണ്ടപ്പോള്‍ യൂറോപ ലീഗ് ഫൈനലില്‍ അയാക്‌സിന് കാഴ്ചകാരാകേണ്ടിവന്നു. യുറോപ്പിലെ എറ്റവും പ്രധാനപ്പട്ടെ കിരീടങ്ങളിലൊന്നില്‍ മുത്തമിട്ടതോടെ മൗറീന്യോയും സംഘവും അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള ടിക്കറ്റും സ്വന്തമാക്കി.

പ്രീമിയര്‍ ലീഗില്‍ തിരിച്ചടി നേരിട്ട ചുവന്നചെകുത്താന്‍മാര്‍ കലാശക്കളിയില്‍ ലക്ഷ്യബോധത്തോടെയാണ് പന്തുതട്ടിയത്. ജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിട്ടിട്ടില്ലെന്ന് തെളിയിച്ച് മുന്നേറിയ യുണൈറ്റഡ് താരങ്ങള്‍ അയാക്‌സിന്റെ ബോക്‌സില്‍ നിരന്തരം ഭീഷണിയുയര്‍ത്തി.

18ാം മിനിറ്റില്‍ സൂപ്പര്‍താരം പോള്‍ പോഗ്ബ തന്നെ യുണൈറ്റഡിനായി ആദ്യ വെടിപൊട്ടിച്ചു. 48ാം മിനിട്ടില്‍ ഹെന്റിക് മിക്ത്രായേന്‍ കൂടി വല കുലുക്കിയതോടെ മാഞ്ചസ്റ്റര്‍ ചാമ്പ്യന്‍ പട്ടം ഉറപ്പിച്ചു. ഇതോടെ യുറോപ ലീഗ് കിരീടം നേടിയിട്ടില്ലെന്ന നാണക്കേട് കഴുകിക്കളയാനും ചുവന്നചെകുത്താന്‍മാര്‍ക്ക് സാധിച്ചു.

മാഞ്ചസ്റ്ററിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചായിരുന്നു യുനൈറ്റഡ് ടീം കളത്തിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here