കണ്ണ് നനയിക്കുന്ന ചിത്രം വീണ്ടും; റെയില്‍പ്പാളത്തില്‍ മരിച്ചുകിടക്കുന്ന അമ്മയുടെ മുലകുടിക്കാന്‍ നോക്കുന്ന കുഞ്ഞിന്റെ ചിത്രം വേദനയാകുന്നു

തുര്‍ക്കി കടല്‍ത്തീരത്ത് മുഖംപൂഴ്ത്തിക്കിടന്ന ഐലന്‍ കുര്‍ദിയുടെ ജീവനറ്റ കുരുന്നുദേഹം ഒരു വര്‍ഷം മുമ്പായിരുന്നു ലോകത്തെ ഒന്നടങ്കം വേദനിപ്പിച്ചത്. ഇപ്പോഴിതാ അതിലും വേദന നിറഞ്ഞ ചിത്രം കണ്ണുകള്‍ നനയിക്കുന്നു. റെയില്‍പ്പാളത്തില്‍ മരിച്ചുകിടക്കുന്ന അമ്മയുടെ മുലകുടിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ചിത്രമാണ് ഭോപ്പാലില്‍ നിന്ന് പുറത്തുവന്നത്.

മധ്യപ്രദേശിലെ ഉള്‍നാടന്‍ ഗ്രാമമായ ദാമോയിലാണ് റെയില്‍പ്പാളത്തിനടുത്തായി മരിച്ചുകിടക്കുന്ന അമ്മയെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെയും കണ്ടെത്തിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഫോട്ടോഗ്രാഫറാണ് ചിത്രം പകര്‍ത്തിയത്. സ്ത്രീ എങ്ങനെയാണ് മരിച്ചതെന്നത് വ്യക്തമല്ല. പക്ഷെ തന്റെ അമ്മ ജീവന്‍വിട്ട് പോയെന്ന് ആ മകള്‍ ഇപ്പോഴും അറിഞ്ഞിട്ടില്ല.

വിശന്ന് വാവിട്ട് കരഞ്ഞിട്ടും അമ്മ എഴുന്നേറ്റ് മുലപ്പാല്‍ നല്‍കാതായതോടെയാണ് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അവള്‍ സ്വന്തം നിലയില്‍ പരിശ്രമമാരംഭിച്ചത്. പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ ആക്ടിവിസ്റ്റുകള്‍ സ്ഥലത്തെത്തിയെങ്കിലും കുഞ്ഞിന്റെ വേദന മാറ്റാന്‍ ആര്‍ക്കുമായില്ല.

അമ്മയുടെ ജീവനറ്റ ശരീരവുമായി ആശുപത്രിയിലേത്തിയപ്പോള്‍ പ്രവേശന ഫീസായ പത്തുരൂപ കുഞ്ഞിന് നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നതാണ് വേദനിപ്പിക്കുന്ന മറ്റൊരു സത്യം. ആശുപത്രിയിലെ വാര്‍ഡ് ബോയി തരുണ്‍ തിവാരിയാണ് ഒടുവില്‍ സഹായ ഹസ്തം നീട്ടിയത്. ചേതനയറ്റ സ്വന്തം അമ്മയുടെ മുലപ്പാല്‍ കുടിച്ച് വിശപ്പകറ്റാന്‍ ശ്രമിച്ച കൊച്ച് കുഞ്ഞിനോട് പത്തുരൂപയ്ക്ക് കണക്ക് പറഞ്ഞ ആശുപത്രി അധികൃതരും സമൂഹത്തോട് ചിലതൊക്കെ വിളിച്ച് പറയുന്നുണ്ട്.

അമ്മയുടേയും കുട്ടിയുടേയും കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News