യു പി കലാപഭൂമി; യോഗി ആദ്യത്യനാഥിന് കലാപം അടിച്ചമര്‍ത്താനാകുന്നില്ല; വര്‍ഗീയസംഘര്‍ഷത്തില്‍ രണ്ട് മരണം

ലഖ്‌നൗ: യോഗി ആദിത്യനാഥ് അധികാരമേറ്റതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കലാപം രൂക്ഷമാകുന്നു. സഹാറന്‍പൂര്‍ ജില്ലയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം കത്തിപടരുകയാണ്. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഒരുമാസത്തിലേറെയായി സഹാറന്‍പൂരില്‍ ദളിത്-താക്കൂര്‍ സംഘര്‍ഷം നടന്നുവരികയായിരുന്നു. ഇതിനിടെ മുന്‍ മുഖ്യമന്ത്രിയും ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവുമായ മായാവതിയുടെ റാലിക്ക് ശേഷം രജ്പുത് വീടുകള്‍ക്ക് നേരെ ദലിതുകള്‍ കല്ലെറിഞ്ഞു എന്ന് ആരോപിച്ചാണ് കലാപം രൂക്ഷമായത്.

അഞ്ച് കമ്പനി പൊലീസ് സേനയെ പ്രദേശത്ത് നേരത്തെ വിന്യസിക്കുകയും 50 ഓളം പേരെ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രിക്കാന്‍ പരാജയപ്പെട്ടു എന്ന കാരണത്താല്‍ സഹാറന്‍പൂര്‍ ഡിസിപി സുഭാഷ് ചന്ദ്രയെ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും കലാപം ഇതുവരേയും പൂര്‍ണമായും നിയന്ത്രണാധീനമാക്കാന്‍ സാധിച്ചിട്ടില്ല.

അതെസമയം സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്ന് മുഖ്യമന്ത്രി യോഗി അദിത്യനാഥ് വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here