ഭൂമിയില്‍ മനുഷ്യന് മാത്രമല്ല സര്‍വ്വ ജീവജാലങ്ങള്‍ക്കും ഏറ്റവും പ്രധാനം ജലം തന്നെയാണ്. മരങ്ങള്‍ വെട്ടിമാറ്റപ്പെട്ടപ്പോള്‍ പതിയെ ജലക്ഷാമം മനുഷ്യനെ വേട്ടയാടുകയാണ്. മറ്റ് ജീവജാലങ്ങളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട.
ജലാശയങ്ങള്‍ക്ക് സമീപമുള്ള അവസ്ഥ ദയനീയമാണെങ്കില്‍ മരുഭൂമിയിലെ കാര്യം എന്തായിരിക്കുമെന്ന് ചിന്തിക്കാവുന്നതാണ്. കുടിക്കാന്‍ ഒരു തുള്ളി വെള്ളത്തിനായി ഏവരും കൈനീട്ടുന്ന ഇത്തരം പ്രദേശങ്ങളില്‍ ദാഹിച്ച് വലയുന്ന പാമ്പിന് കുടിക്കാന്‍ വെള്ളം നല്‍കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച.
ജലക്ഷാമം രൂക്ഷമായ റബ് അല്‍ ഖാലിയില്‍ ദാഹിച്ചു വലഞ്ഞ പാമ്പിനു സിറിഞ്ചില്‍ വെള്ളം നല്‍കുന്ന സഞ്ചാരിയെയും വെള്ളം ആര്‍ത്തിയോടെ കുടിക്കുന്ന പാമ്പിനെയുമാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുക. പാമ്പിനു വെള്ളം നല്‍കിയ ആ നല്ല മനുഷ്യന്‍ ആരാണെന്ന് വ്യക്തമല്ല. കാരണം അദ്ദേഹത്തിന്റെ കൈകള്‍ മാത്രമാണു ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. സിറിഞ്ചിനുള്ളിലെ വെള്ളം മുഴുവന്‍ കുടിച്ചതിനു ശേഷമായിരുന്നു പാമ്പ് മടങ്ങിയത്.
സ്വന്തം കാര്യത്തിലേക്ക് മാത്രമായി മനുഷ്യന്‍ ചുരുങ്ങുന്ന പുതിയകാലത്ത് ദാഹിച്ചു വലഞ്ഞ മിണ്ടാപ്രാണിക്കു ജലം നല്‍കിയ സഞ്ചാരിയുടെ പ്രവൃത്തിക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. ആറ് ലക്ഷത്തോളം പേരാണ് ദിവസങ്ങള്‍ക്കകം ഈ വീഡിയോ കണ്ടുകഴിഞ്ഞത്.
Get real time update about this post categories directly on your device, subscribe now.