സികെ വിനീതിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്; നടപടി ദൗര്‍ഭാഗ്യകരമെന്നും പിണറായി വിജയന്‍

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം സി.കെ വിനീതിനെ ഏജീസ് ഓഫീസില്‍ തിരിച്ചെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്നും, കായിക മന്ത്രാലയത്തിനും ഏജീസ് ഓഫീസിനും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വിനീതിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട സംഭവം നേരത്തെ മുഖ്യമന്ത്രി കേന്ദ്രകായിക മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അണ്ടര്‍ 17 ഫിഫ ലോകകപ്പിന് അടുത്ത ഓക്ടോബറില്‍ കേരളം വേദിയാകുന്ന സാഹചര്യത്തിലുള്ള നടപടി ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മതിയായ ഹാജര്‍ ഇല്ലെന്ന പേരിലാണ് ഏജീസ് ഓഫീസ് ജോലിയില്‍ നിന്ന് സി.കെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടത്. നടപടിയില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. തിരിച്ചെടുത്തില്ലെങ്കില്‍ അനുയോജ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News