ട്രാന്‍സ് ജെന്‍ഡേഴ്‌സിന് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് യുവജന കമ്മീഷന്‍

തിരുവനന്തപുരം: അപേക്ഷ ഫോമുകളില്‍ ആണ്‍, പെണ്‍ വിഭാഗത്തോടൊപ്പം വ്യത്യസ്ത ലിംഗ പദവികളില്‍ ജീവിക്കുന്ന വിഭാഗത്തെയും ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍. ട്രാന്‍സ് ജെന്‍ഡേഴ്‌സ് അടക്കമുള്ള വ്യത്യസ്ത ലിംഗ പദവികളില്‍ ജീവിക്കുന്നവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിനായാണ് ഇത്.

വിദ്യാഭ്യാസം, തൊഴില്‍ അടക്കമുള്ള വിവിധ മേഖലകളില്‍ ഇവര്‍ ഇപ്പോഴും നേരിടുന്ന വിവേചനം പല തരത്തില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ കലാലയ വിദ്യാഭ്യാസമടക്കമുള്ള ഉന്നത വിദ്യാഭ്യാസ മേഖലകളിലും, തൊഴില്‍ മേഖലകളിലും വ്യത്യസ്ത ലിംഗ പദവികളില്‍ ജീവിക്കുന്ന വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും മുഴുവന്‍ പഠന കോഴ്‌സുകളിലേയ്ക്കും അപേക്ഷ ക്ഷണിക്കുമ്പോള്‍ വ്യത്യസ്ത ലിംഗ പദവികളില്‍ ജീവിക്കുന്ന വിഭാഗത്തിനും പ്രാതിനിധ്യം ഉറപ്പു വരുത്താനായി അപേക്ഷ ഫോമുകളിലും ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളിലും അതുള്‍പ്പെടുത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

കൂടാതെ സ്വകാര്യ മേഖലയിലടക്കമുള്ള തൊഴില്‍ സംബന്ധിച്ച അപേക്ഷ ക്ഷണിക്കുമ്പോഴും വ്യത്യസ്ത ലിംഗ പദവികളില്‍ ജീവിക്കുന്ന വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ അപേക്ഷകളില്‍ അത്തരം കോളം നിര്‍ബന്ധമാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് സംസ്ഥാന തൊഴില്‍ വകുപ്പിനും നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News