സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു; 14-ാം നിയമസഭയുടെ അഞ്ചാം സമ്മേളനം സാക്ഷ്യം വഹിച്ചത്

തിരുവനന്തപുരം: 14-ാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം സമാപിച്ചു. സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയ മലയാളം ഭാഷാ പഠന ബില്‍ ഉള്‍പ്പെടെ പാസാക്കിയാണ് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. ആദ്യനിയമസഭാ സമ്മേളനത്തിന്റെ 60-ാം വാര്‍ഷിക ദിനത്തില്‍ ഓര്‍മ്മ പുതുക്കി പഴയ നിയമസഭാ മന്ദിരത്തില്‍ സഭ സമ്മേളിച്ചതും ഇത്തവണത്തെ പ്രത്യേകതയായി.

ബജറ്റിലെ ധനാഭ്യര്‍ത്ഥന പാസാക്കുകയെന്ന പ്രധാന അജണ്ടയോടെ ചേര്‍ന്ന 14-ാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം 21 ദിവസത്തേക്കാണ് സമ്മേളിച്ചത്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയ 2017ലെ മലയാളം ഭാഷാ പഠന ബില്‍ പാസാക്കി നിയമനിര്‍മ്മാണത്തിലേക്ക് കടക്കാന്‍ സാധിച്ചുവെന്നതാണ് സുപ്രധാനം. ഇതിനു പുറമെ 2017ലെ ധനകാര്യ ബില്‍ ഉള്‍പ്പെടെ മറ്റ് 4 ബില്ലുകളും സഭ പാസാക്കി. കൂടാതെ മൂന്നു സര്‍ക്കാര്‍ പ്രമേയങ്ങളും സഭ ഐകകണ്‌ഠേന പാസാക്കുകയും ചെയ്തു.

ആദ്യ കേരള നിയമസഭയുടെ 60-ാം വാര്‍ഷിക വേളയിലായിരുന്നു സഭാ സമ്മേളനം എന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ടായിരുന്നു. വാര്‍ഷിക ദിനത്തില്‍ ഓര്‍മ്മ പുതുക്കി സെക്രട്ടറിയേറ്റിലെ പഴയ നിയമസഭാ മന്ദിരത്തില്‍ സഭ സമ്മേളിച്ചതും അംഗങ്ങള്‍ ഓര്‍മ്മകള്‍ പങ്കുവച്ചതും ഈ സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു.

മൂന്നാറിലെ കയ്യേറ്റം തടയാനുള്ള സര്‍ക്കാര്‍ നടപടികള്‍, ഡിജിപി ടി.പി സെന്‍കുമാറിന്റെ നിയമനം എന്നിവ ഉള്‍പ്പെടെ രാഷ്ട്രീയ ഭരണ വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ചയായി. അതേസമയം സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമായ അവസാനദിനം പ്രതിപക്ഷം അടിയന്തരപ്രമേയ വിഷയത്തില്‍ ഇറങ്ങിപ്പോക്ക് നടത്താതെ സഹകരിച്ചതും ശ്രദ്ധേയമായി.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ 73-ാം പിറന്നാളിനും മുതിര്‍ന്ന പാര്‍ലമെന്റേറിയനായ കെ.എം മാണിയുടെ സഭാംഗത്വത്തിന്റെ 50ാം വാര്‍ഷികത്തിനും സാക്ഷ്യം വഹിച്ചുവെന്ന പ്രത്യേകതയോടെയാണ് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News