ജനകീയ ബദല്‍നയങ്ങള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ലക്ഷ്യം നവകേരള മാസ്റ്റര്‍ പ്ലാന്‍; ഇടതുസര്‍ക്കാരിന്റെ നേട്ടങ്ങളില്‍ പ്രതിപക്ഷത്തിന് അസ്വസ്ഥത; പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് വര്‍ണ്ണാഭ തുടക്കം

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ പ്രതിപക്ഷത്തിന് അസ്വസ്ഥതയും അസംതൃപ്തിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കും. എന്നാല്‍ നശീകരണവാസനയോടെ സമീപിച്ചാല്‍ തളരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നിലപാടുകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. ‘ജീര്‍ണ്ണ രാഷ്ട്രീയ സംസ്‌കാരമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വളര്‍ത്തിയത്. നടക്കരുതാത്തതെല്ലാം നടന്നു. അതിന് സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്തു. ഒരു സര്‍ക്കാരിനെ, സര്‍ക്കാരിന്റെ സംവിധാനങ്ങളെ ഉപയോഗിച്ച് ഇത്തരം വഴിവിട്ട നീക്കങ്ങള്‍ നടത്തിയവരെ എങ്ങനെയെല്ലാം സംരക്ഷിക്കാമെന്നാണ് ശ്രമിച്ചത്. അത് ചെയ്തവര്‍ എത്ര ഉന്നതാരാണെന്ന് ഇവിടെ എല്ലാവര്‍ക്കും അറിയാം. മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയും എന്ന ഒരു നാടന്‍ ചൊല്ലുണ്ട് അവിടാണ് കാര്യങ്ങള്‍ എത്തിയത്.’-മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ നിന്നാണ് നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമം ഇടതു സര്‍ക്കാര്‍ തുടങ്ങിയത്. യുഡിഎഫ് സര്‍ക്കാരിന്റെ പല വിഴുപ്പുകളും ഈ സര്‍ക്കാരിന് പേറേണ്ടിവന്നു. ഇത് സര്‍ക്കാര്‍ രീതിയനുസരിച്ച് തട്ടി മാറ്റാനാവാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘സര്‍ക്കാര്‍ ജനനന്മയ്ക്കായി ചെയ്യുന്ന കാര്യങ്ങളില്‍ ആക്ഷേപവും അപഹാസ്യവും ചൊരിയുവാണ് ചിലര്‍. ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ കൂടുതല്‍ കര്‍മോത്സുകരാകാനാണ് ഞങ്ങളെ സഹായിക്കുക. എന്നാല്‍ നശീകരണ വാസനയോടെ സമീപിക്കുന്നവരോട് ഒന്നേ ഉള്ളൂ മറുപടി. തങ്ങളെ ഏല്‍പ്പിച്ച ജോലി, കര്‍മ്മം ഞങ്ങള്‍ എന്ത് തന്നെ വന്നാലും ചെയ്യും.’-മുഖ്യമന്ത്രി പറഞ്ഞു.

നവകേരളം സൃഷ്ടിക്കാനാണ് നവകേരള മിഷന്റെ ഭാഗമായി നാല് മിഷനുകള്‍ സ്ഥാപിച്ചത്. ഇതുവഴി സാധാരണ ജനവിഭാഗത്തിന്റേതുള്‍പ്പടെ ജീവിത സാഹചര്യവും നാടിനെയും മെച്ചപ്പെടുത്തും. താലൂക്ക് തലം വരെയുള്ള ആശുപത്രികള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളായി ഉയര്‍ത്തും. ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തിയതും വിദ്യാഭ്യാസ ലോണ്‍ തിരിച്ചടവ് പദ്ധതിയും ആരോഗ്യ സംരക്ഷണ പദ്ധതി ഉള്‍പ്പടെയുള്ള ക്ഷേപ പദ്ധതികളുമായി മുന്നോട്ടുപോകും. ഇതൊക്കെ കൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ ബദല്‍ സര്‍ക്കാര്‍ ആയി മാറുന്നതെന്നും അദേഹം പറഞ്ഞു.

തീരദേശപാതയും മലയോരഹൈവേയും ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയജലപാത കേരളത്തിന്റെ സ്വപ്‌നമാണെന്നും അത് സാധ്യമാക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്നും അദേഹം പറഞ്ഞു.

പശ്ചാത്തല സൗകര്യം ഉള്‍പ്പടെയുള്ള വികസനത്തില്‍ ശ്രദ്ധിക്കും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ കേന്ദ്രം തയ്യാറാകണം. ഇല്ലെങ്കില്‍ സംസ്ഥാനത്തിന് കൂലി നല്‍കാന്‍ സംസ്ഥാനത്തിന് അനുമതി നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.

നെയ്യാറില്‍നിന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ അരുവിക്കരയില്‍ വെള്ളമെത്തിച്ച് തലസ്ഥാന നഗരിയുടെ ജലക്ഷാമം പരിഹരിച്ച വാട്ടര്‍ അതോറിറ്റി ജീവനക്കാരെയും തൊഴിലാളികളെയും ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് ബാലഭാസ്‌കര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, രഞ്ജിത്ത് ബാരോട്ട്, ഫസല്‍ ഖുറേഷി എന്നിവരുടെ ബിഗ്ബാന്‍ഡ് നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News