തോട്ടണ്ടി ഇറക്കുമതി: പ്രശ്‌നപരിഹാരത്തിന് ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍മാരുടെ യോഗം വിളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം

കൊല്ലം: തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍മാരുടെ യോഗം വിളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. ഐവറി കോസ്റ്റടക്കം 12 ആഫ്രിക്കന്‍ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളുടെ യോഗം തിരുവനന്തപുരത്ത് വിളിക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള തോട്ടണ്ടി ഇറക്കുമതിയില്‍ ഇടനിലക്കാന്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഇതൊഴിവാക്കി വിദേശ രാജ്യങ്ങളിലെ സര്‍ക്കാര്‍തലത്തില്‍ ബന്ധപ്പെട്ട് ഇടപാടുകള്‍ നടത്താനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ഇതിന് മുന്നോടിയായാണ് യോഗം വിളിക്കുന്നതെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.

കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ സഹകരണം ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുസംബന്ധിച്ച് കത്തുനല്‍കും. കശുവണ്ടി മേഖലയില്‍ രൂപവല്‍ക്കരിക്കാന്‍ തീരുമാനിച്ചിട്ടുള്ള ‘കാഷ്യൂ ബോര്‍ഡ്’ വരുന്നതോടെ തോട്ടണ്ടി ഇറക്കുമതിയിലടക്കം നിലനില്‍ക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിര്‍ദിഷ്ട കാഷ്യൂ ബോര്‍ഡില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഓഹരിവിഹിതം 49 ശതമാനമായിരിക്കും. ശേഷിക്കുന്ന 51 ശതമാനം ഓഹരിയില്‍ കശുവണ്ടി വികസന കോര്‍പറേഷന്‍, കാപക്‌സ്, സ്വകാര്യ സംരംഭകര്‍, മറ്റ് ഏജന്‍സികള്‍ എന്നിവക്ക് പങ്കാളിത്തമുണ്ടാവും. സ്വകാര്യ മേഖലയില്‍ ഇനിയും തുറന്നുപ്രവര്‍ത്തിപ്പിക്കാത്ത ഫാക്ടറികള്‍ക്ക് നോട്ടീസ് നല്‍കും. ചെറുകിട ഫാക്ടറികള്‍ തുറക്കുന്നതിനുള്ള സഹായം ബാങ്കുകള്‍ വഴി ലഭ്യമാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. തോട്ടണ്ടി ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യമടക്കം നിലനില്‍ക്കെ പുതുതായി ഫാക്ടറികള്‍ ഏറ്റെടുക്കുന്നകാര്യം സര്‍ക്കാറിന് ആലോചിക്കാനാവില്ല. തോട്ടണ്ടിയുടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 750 ഏക്കര്‍ വനഭൂമി ഇതിനായി അനുവദിക്കാന്‍ വനംമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.

ആന്ധ്രാപ്രദേശില്‍ കൃഷി നടത്തുന്ന പദ്ധതിക്ക് അവിടെ സഹകരണ സംഘം രൂപവല്‍ക്കരിക്കണമെന്ന നിര്‍ദേശം അവര്‍ മുന്നോട്ടുവച്ചതിനാല്‍ പ്രയോഗികതടസമുണ്ടെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News