ശബരിമല കുത്തകലേലത്തില്‍ വന്‍ക്രമക്കേട്; ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൂഴ്ത്തി

പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലത്തെ കുത്തകലേലത്തില്‍ നടന്ന ക്രമക്കേടിന്റെ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൂഴ്ത്തി. 2012ല്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറും ഇപ്പോള്‍ അച്ചടക്കനടപടിക്ക് വിധേയനായ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുമായ വിഎസ് ജയകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്.

അഞ്ചുവര്‍ഷംമുമ്പ് ശബരിമല തീര്‍ഥാടനകാലത്തെ കുത്തകലേലവുമായി ബന്ധപ്പെട്ട് 3.85 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും കോടികളുടെ അഴിമതി നടന്നുവെന്നും റിട്ട. സെഷന്‍സ് ജഡ്ജി പ്രേമചന്ദ്രന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍, ഇത് അട്ടിമറിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡും മുന്‍ യുഡിഎഫ് സര്‍ക്കാരും.

2012ല്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ സുമംഗലി കല്യാണമണ്ഡപത്തില്‍ നടത്തിയ കുത്തക ലേലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 3,84,57,413 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് ജുഡീഷ്യല്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്. 2011ല്‍ 24 ഇനങ്ങളുടെ കുത്തകലേലത്തില്‍ 9,79,15,785 രൂപ ബോര്‍ഡിന് ലഭിച്ചു. 2012ല്‍ കരാര്‍ തുക 5,94,58,372 രൂപയായി കുറഞ്ഞതായും കണ്ടെത്തി. ദേവസ്വം വിജിലന്‍സ് അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയെങ്കിലും നടപടിയുണ്ടായില്ല. മുന്‍ ദേവസ്വം മന്ത്രി വിഎസ് ശിവകുമാറിന്റെ സഹോദരന്‍ എന്ന പരിഗണനയിലായിരുന്നു ജയകുമാറിനെതിരെ അന്നത്തെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടപടി എടുക്കാതിരുന്നത്.

അതിനിടെ, ശബരിമല പാത്രം അഴിമതിയുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, പാത്രം അഴിമതിയുടെ മുഖ്യസൂത്രധാരനായ ബോര്‍ഡ് സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ കൈക്കൊണ്ടത്. പാത്രം വാങ്ങിയതിന്റെ തുക അന്ന് എക്‌സിക്യൂട്ടീവ് ഓഫീസറായ ജയകുമാര്‍ അധികാരപരിധി മറികടന്ന് നേരിട്ട് പാസാക്കുകയായിരുന്നു.

ബോര്‍ഡിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയ ഉദ്യോഗസ്ഥനെ സംരക്ഷിച്ച് ഓഫീസറുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിച്ച ജീവനക്കാരനെ സസ്‌പെന്‍ഡ്‌ചെയ്യുകയുമായിരുന്നു. അതിനിടെ, പാത്രം സംബന്ധിച്ച ഫയല്‍ ബോര്‍ഡംഗം തിരികെ നല്‍കിയില്ലെന്ന ജീവനക്കാരന്‍ ഒ ജി ബിജുവിന്റെ പരാമര്‍ശം വാസ്തവവിരുദ്ധമാണെന്ന് പുറത്തുവന്നു. ഫയല്‍ തിരികെ ഏല്‍പ്പിക്കുമ്പോള്‍ കൈപ്പറ്റിയതായി ഒപ്പിട്ടിട്ടുണ്ട്. ഉന്നത സമ്മര്‍ദത്തെതുടര്‍ന്നാണ് സര്‍വീസ് ചട്ടം ലംഘിച്ച് ജീവനക്കാരന്‍ വസ്തുതാവിരുദ്ധ പരാമര്‍ശം നടത്തിയത്.

പാത്രം അഴിമതിയുമായി ബന്ധപ്പെട്ട് തിരുവാഭരണം കമീഷണര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണമുണ്ടാകുമെന്ന സൂചനയുണ്ട്. ശബരിമലയിലേക്ക് വാങ്ങിയ പാത്രങ്ങളില്‍ 75 ശതമാനവും കാണാനില്ലെന്ന് ആദ്യം റിപ്പോര്‍ട്ട് നല്‍കിയ ഇവര്‍ പിന്നീട് ഈ നിലപാടില്‍നിന്ന് പിന്നോക്കം പോയതാണ് അന്വേഷിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News