ഡിഐജിക്കൊപ്പം കാറില്‍ സഞ്ചാരം; നടി അര്‍ച്ചനയുടെ മറുപടി

ജയില്‍ വകുപ്പ് ദക്ഷിണ മേഖല ഡിഐജി: ബി. പ്രദീപിനൊപ്പം ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ച സംഭവത്തില്‍ വിശദീകരണവുമായി നടി അര്‍ച്ചന സുശീലന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അര്‍ച്ചന തനിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. പോസ്റ്റില്‍ മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് അര്‍ച്ചന ഉന്നയിക്കുന്നത്. സംഭവത്തില്‍ പ്രദീപിനെതിരെ ആര്‍ ശ്രീലേഖ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ച്ചനയുടെ പ്രതികരണം.

”പ്രിയ സുഹൃത്തുക്കളെ, വാസ്തവമറിയാതെ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളില്‍ ഞാന്‍ അതീവ ദുഃഖിതയാണ്. ചാനലുകള്‍ അവരുടെ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന പൊതുമുതലുകളാണ് നടിമാര്‍ എന്നു ധരിക്കരുത്. സോഷ്യല്‍ മീഡിയയ്ക്ക് ധാരാളം നല്ല വശങ്ങള്‍ ഉണ്ട്. ഇപ്പോള്‍ ഞങ്ങള്‍ പൊതുജനങ്ങളുമായി സംവദിക്കുന്നത് തന്നെ ഫേസ്ബുക്ക് വഴിയാണ്. എന്നെ മോശമായി പരാമര്‍ശിക്കുന്ന വാര്‍ത്ത പല സുഹൃത്തുക്കളും അയച്ചു തന്നതിനെത്തുടര്‍ന്നാണ് ഞാന്‍ ഇത്തരമൊരു പോസ്റ്റിടുന്നതിനെ പറ്റി ആലോചിക്കുന്നത്.”

”കുറേ കാലങ്ങള്‍ക്കുമുമ്പ് പ്രചരിച്ച ഇത്തരമൊരു വാര്‍ത്തയോട് അന്നു പ്രതികരിക്കാതിരുന്നതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. അന്ന് സോഷ്യല്‍ മീഡിയ ഇത്രയധികം സജീവമായിരുന്നില്ല. സീരിയലിന്റെ തിരക്കുള്ളതിനാല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ചാനലിനെതിരേ കേസുകൊടുക്കാനൊന്നും അന്ന് മിനക്കെട്ടില്ല. എന്നാല്‍ ഈ സംഭവം ഞാന്‍ അങ്ങനെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു ഔദ്യോഗിക പരിപാടിയ്ക്കിടെ നടന്ന സംഭവത്തിലെ വാസ്തവം നിങ്ങളോട് വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.”
”ആ ചടങ്ങിലെ ക്ഷണിതാവായാണ് ഞാന്‍ അവിടെ എത്തുന്നത്. എന്റെ അച്ഛന്റെ പഴയ സൃഹൃത്തായ ഡിഐജിയാണ് എന്നെ ആ ചടങ്ങിലേക്ക് ക്ഷണിച്ചത്. എന്റെ അച്ഛന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ആയി പോലീസില്‍ നിന്നു വിരമിച്ചയാളാണ്. എന്റെ അച്ഛനുമായുള്ള വ്യക്തിപരമായ ബന്ധത്തെത്തുടര്‍ന്നാണ് ഡിഐജി ഞങ്ങളെ വീട്ടില്‍ വന്ന് കൊണ്ടുപോയതും ചടങ്ങിനു ശേഷം തിരികെ വീട്ടില്‍ കൊണ്ടുവിട്ടതും. ആ ചെറിയ ചടങ്ങിനെ ചില ആളുകളും മാധ്യമങ്ങളും ചേര്‍ന്ന് പെരുപ്പിച്ച് കാട്ടുകയായിരുന്നു. സംഭവത്തെ വളച്ചൊടിച്ച് ചാനല്‍ റേറ്റിംഗ് കൂട്ടാനും ചിലര്‍ ശ്രമിച്ചു.”

”ഇതു പോലെ എന്നെ ലക്ഷ്യം വയ്ക്കുന്നത് ഇതാദ്യമല്ല, കുറേ കാലം മുമ്പ് ഒരു പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ വാര്‍ത്താ ചാനലുകള്‍ അത് ഞാനാണെന്ന തരത്തില്‍ പ്രചരിപ്പിച്ചു. ഈ സംഭവത്തില്‍ പഴയതു പോലെ അബദ്ധം പറ്റാതിരിക്കാനാണ് ഞാന്‍ ആ ചടങ്ങിനു ശേഷം മാതാപിതാക്കള്‍ക്കും ഡിഐജിയ്ക്കും ഒപ്പമെടുത്ത ഫോട്ടോ ഇതിനൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാന്‍ എന്റെ മാതാപിതാക്കള്‍ക്കൊപ്പം പോയ ചടങ്ങിനെയാണ് ചുറ്റി കറങ്ങലായി ചിലര്‍ വ്യാഖ്യാനിച്ചെടുത്തത്. ഡിഐജി തനിക്ക് അമ്മാവനെ പോലെയാണ്. സ്വന്തം നേട്ടങ്ങള്‍ക്കു വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ എഴുതിപ്പിടിപ്പിക്കുന്നത് തികച്ചും ലജ്ജാവഹമാണ്.”-അര്‍ച്ചന പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News