’26 വര്‍ഷമായി ശിക്ഷ അനുഭവിക്കുന്നു, കാലാവധി കഴിഞ്ഞിട്ടും മോചിപ്പിക്കാത്തത് വിവേചനം’; മോചനം ആവശ്യപ്പെട്ട് നളിനി മുരുകന്‍ ഐക്യരാഷ്ട്ര സഭയില്‍

ദില്ലി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി മുരുകന്‍ മോചനം ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. 26 വര്‍ഷമായി ശിക്ഷ അനുഭവിക്കുന്നുവെന്നും ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചിപ്പിക്കാത്തത് വിവേചനമാണെന്നും നളിനി മുരുകന്‍ യുഎന്നില്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ചൂണ്ടികാട്ടുന്നു.

താനും കൂടെയുള്ള ആറു പ്രതികളും 16 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും ജയിലില്‍ തന്നെ തുടരുകയാണ്. ഇനിയും മോചനം ലഭിച്ചിട്ടില്ല. മോചനത്തിന് ശ്രമിക്കാതെ കേന്ദ്രസര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും വിവേചനം കാണിക്കുകയാണ്. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചിപ്പിക്കാത്തത് ഭരണഘടനാ ലംഘനമാണെന്നും വിഷയത്തില്‍ ഐക്യരാഷ്ട്രസഭ ഉടന്‍ ഇടപെടണമെന്നും നളിനി ആവശ്യപ്പെട്ടു. മറ്റ് പ്രതികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തുകൊണ്ട് തനിക്ക് ലഭിക്കുന്നില്ലെന്നും നളിനി നിവേദനത്തില്‍ പറയുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന നളിനിയുടെ ശിക്ഷ 2000ല്‍ അന്നത്തെ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ ജീവപര്യന്തമായി കുറച്ചത്. തുടര്‍ന്ന് മോചനത്തിനായി നിരവധി തവണ മദ്രാസ് ഹൈക്കോടതിയെ നളിനി സമീപിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.

ശ്രീഹരന്‍ എന്ന മുരുകന്‍, എ.ജി.പേരറിവാളന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദന്‍ എന്നീ ഏഴുപേരാണ് രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News