തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പ്പര്യത്തിന് എതിരാണെന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍. കെഎസ്‌ഐഎന്‍സി ചെയര്‍മാനായിരുന്ന കെ മോഹന്‍ ദാസാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് മുന്നറിയിപ്പ് കത്ത് നല്‍കിയത്. കത്തിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

അദാനി ഗ്രൂപ്പിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൊതുപണം വാരിക്കോരി നല്‍കിയെന്നും ഒരു തുറമുഖപദ്ധതിക്കും ഇത്തരത്തില്‍ പൊതുപണം വാരിയെറിഞ്ഞിട്ടില്ലെന്നും കത്തില്‍ പറയുന്നു. കരാറില്‍ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും കരാര്‍പ്രകാരം സംസ്ഥാനത്തിന് ഗുണമൊന്നുമില്ലെന്നും കത്തില്‍ പറയുന്നുണ്ട്. മുന്നറിയിപ്പ് ലഭിച്ചിട്ടും ഉമ്മന്‍ചാണ്ടി നിലപാട് തിരുത്തിയില്ലെന്നും മോഹന്‍ദാസ് പറഞ്ഞു.

അഴിമതി ചൂണ്ടിക്കാട്ടിയതിന് കെഎസ്‌ഐഎന്‍സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മോഹന്‍ദാസിനെ പുറത്താക്കുകയും ചെയ്തിരുന്നു.

വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് എതിരാണെന്ന് നേരത്തെ സിഎജി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. കരാറിലൂടെ അദാനിക്ക് വഴിവിട്ട സഹായമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.

അതേസമയം, വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. കരാറില്‍ മാറ്റം വരുത്തണമോയെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും സിഎജി ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ നിയമപരമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.