മോദി ആര്‍എസ്എസിന്റെ ചൗക്കിദാര്‍ മാത്രമായെന്ന് ചെന്നിത്തല; മൂന്നു വര്‍ഷം കൊണ്ട് രാജ്യത്തിനുണ്ടാക്കിയ മുറിവ് വളരെ വലുത്; തിരിച്ചടി നല്‍കാന്‍ ജനങ്ങള്‍ കാത്തിരിക്കുന്നു

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഭരണം കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിനുണ്ടാക്കിയ മുറിവ് വളരെ വലുതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യന്‍ സമൂഹത്തില്‍ അപകടകരവും, ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങളുളവാക്കിയ വര്‍ഗീയ ധ്രൂവികരണത്തിലൂടെ അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ മതേതര ചട്ടക്കൂടിനെയും ബഹുസ്വര സംസ്‌കാരത്തെയും തൂത്തെറിയാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്. ആര്‍എസ്എസിന്റെ ‘ചൗക്കിദാര്‍’ മാത്രമായി പ്രധാനമന്ത്രി മാറിയെന്നും ചെന്നിത്തല വിമര്‍ശിച്ചു.

എന്ത് ഭക്ഷിക്കണം, എന്ത് ചിന്തിക്കണമെന്നൊക്കെ ഭരണകൂടം തിരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നതും മോദിയുടെ കാലത്താണ്. ഗോവധ നിരോധനത്തിന്റെ പേര് പറഞ്ഞ് രാജ്യം മുഴവന്‍ സംഘര്‍ഷഭൂമിയാക്കി മാറ്റി. അതിന്റെ പേരില്‍ ദളിതരും, ന്യുനപക്ഷങ്ങളും നിരന്തരം വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. ഹൈദരാബാദ് യൂണിവേഴസിറ്റിയിലെ രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ത്ഥിക്ക് പീഡനം മൂലം ആത്മഹത്യ ചെയ്യേണ്ടി വന്നതും, ആര്‍എസ്എസ് പിന്തുണയോടെ തീവ്രവലതുപക്ഷം ജെഎന്‍യു പോലുള്ള ഉന്നത മൂല്യങ്ങള്‍ വഹിക്കുന്ന സര്‍വ്വകലാശാലയെ തച്ചുടക്കാന്‍ ശ്രമിച്ചത് മോദി ഭരണത്തിന്റെ കറുത്ത പാടുകളാണെന്നും ചെന്നിത്തല പറഞ്ഞു.

നോട്ടു നിരോധനത്തിന്റെ പേരില്‍ ഒരു രാജ്യത്തെ ജനങ്ങളെ മുഴുവന്‍ തെരുവിലേക്കിറക്കിയതും മോദിയുടെ വികലമായ നയത്തിന്റെ പ്രതിഫലനമായിരുന്നു. കള്ളപ്പണക്കാര്‍ക്കെതിരെയുള്ള പോരാട്ടം എന്ന വ്യാജേന നോട്ടു നിരോധനം വഴി സാധാരണ ജനങ്ങള്‍ക്ക് അന്തമില്ലാത്ത ദുരിതങ്ങള്‍ നല്‍കുകയായിരുന്നു മോദി സര്‍ക്കാര്‍. കുത്തകകളും, കള്ളപ്പണക്കാരും, മാഫിയകളും ഇതിനിടയില്‍ പോറലേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. പാവപ്പെട്ടവര്‍ തങ്ങളുടെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാനായി ആശ്രയിക്കുന്ന സഹകരണ മേഖലയെ ഇത് പൂര്‍ണ്ണമായും തകര്‍ത്തു. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെയും ജനങ്ങളെയും നിര്‍ബാധം കൊള്ളയടിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. രാജ്യത്തിന്റെ വിഭവമെല്ലാം ഏതാനും കോര്‍പ്പറേറ്റുകള്‍ക്കായി പങ്കു വച്ച നല്‍കുന്ന കാഴ്ചയാണ് കണ്ടതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

വാചക കസര്‍ത്തുകളല്ലാതെ ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകള്‍ തുടങ്ങിവച്ച വികസനപ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും ഒന്നും ഏറ്റെടുത്ത് നടത്താനും ഫലപ്രാപ്തിയിലെത്തിക്കാനും മോദിക്ക് കഴിഞ്ഞില്ല. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറയുമ്പോഴും ഇവിടെ പെട്രോളിനും ഡീസലിനും പാചക വാതകത്തിനുമെല്ലാം വില കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഒരുവര്‍ഷം ഒരുകോടി തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്നവര്‍ മൂന്നുവര്‍ഷംകൊണ്ട് 3.8 ലക്ഷം പേര്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കിയത്. നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന മോദി ഭരണത്തിന് അടുത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി നല്‍കാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News