കന്നുകാലി കശാപ്പ് നിരോധനം രാജ്യത്ത് മനുസ്മൃതി നടപ്പാക്കുമെന്ന വിളംബരം; വിമര്‍ശനവുമായി കോടിയേരി; പ്രതിഷേധം ശക്തം

തിരുവനന്തപുരം: രാജ്യത്ത് കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം രാജ്യമാകെ മനുസ്മൃതി നടപ്പിലാക്കുമെന്ന വിളംബരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കോടിയേരിയുടെ പ്രതികരണം.

കേന്ദ്രപരിസ്ഥിതി മന്ത്രാലയം അസാധാരണ ഗസറ്റായി പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ കന്നുകാലി വില്‍പ്പനക്കും കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കയാണ്. കന്നുകാലികളുടെ സംസ്ഥാനാന്തര വില്‍പ്പന നിരോധിച്ചിരിക്കുന്ന ഉത്തരവിലൂടെ ഏതെങ്കിലും മതാചാര ചടങ്ങുകളുടെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കുന്നതും നിരോധിച്ചിട്ടുണ്ട്.

റംസാനെ സ്വീകരിക്കാന്‍ രാജ്യത്തെ ജനത ഒരുങ്ങി നില്‍ക്കുമ്പോഴാണ് ആര്‍ എസ് എസ് പ്രചാരകനായ പ്രധാനമന്ത്രിയും കൂട്ടരും ഇത്തരത്തിലുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴുള്ള ഈ നടപടി, വരാനിരിക്കുന്ന വര്‍ഗീയ വിധ്വംസക നടപടികളുടെ കേളികൊട്ടാണ്.

വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാനും സമൂഹത്തില്‍ മതസ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കാനുമാണ് ഇത്തരത്തിലുള്ള ഉത്തരവുകളിലൂടെ സംഘപരിവാരം നിയന്ത്രിക്കുന്ന കേന്ദ്രഭരണകൂടം ലക്ഷ്യമിടുന്നത്. രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി മുന്നോട്ടു വരണമെന്നും കോടിയേരി പറഞ്ഞു.

കന്നുകാലികളെ കശാപ്പ് നിരോധനം മനുഷ്യാവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമമാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയരുന്നു. ഭരണഘടനാപരമായ പൗരന്റെ അവകാശങ്ങള്‍ ഹനിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണെന്നും ചെന്നത്തല അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News