പ്രിയ ശബരിനാഥന്‍, പിണറായിയെ വര്‍ഗീയവാദികള്‍ മാത്രം ഭയപ്പെട്ടാല്‍ മതി; ഇന്ത്യയിലെ മതനിരപേക്ഷവാദികളുടെ പ്രതീക്ഷ ഇടതുപക്ഷത്തില്‍; ഷിജുഖാന്റെ മറുപടി

പ്രിയപ്പെട്ട കെ.എസ് ശബരിനാഥന്‍,
ഷോലെ സിനിമയിലെ ഗബ്ബാര്‍ സിംഗിനെപ്പറ്റി താങ്കള്‍ നടത്തിയ പരാമര്‍ശമാണ് ഈ കുറിപ്പിന് ആധാരം.നിയമസഭ പ്രസംഗത്തിനിടെ ഒരു വാഹനയാത്രയെക്കുറിച്ചുള്ള ഓര്‍മ്മകളും താങ്കള്‍ പങ്കുവച്ചു. വാഹനത്തിലെ റേഡിയോയില്‍ പാട്ടുകേട്ടു കൊണ്ടിരിക്കെ, പിണറായി സര്‍ക്കാരിന്റെ പരസ്യം വന്നപ്പോള്‍ ഞെട്ടിയെന്നും പേടിച്ച് അത് ഓഫ് ചെയ്‌തെന്നും താങ്കള്‍ തന്നെ വിശദീകരിച്ചു. രാംപൂര്‍ ഗ്രാമത്തില്‍ ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും വാശി പിടിക്കുന്ന കുഞ്ഞുങ്ങളെ പേടിപ്പിക്കാന്‍ ഷോലെ സിനിമയിലെ ഗബ്ബാര്‍ സിംഗിന്റെ പേര് ഉപയോഗിച്ചിരുന്ന കഥ പോലെയാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരിന്റെ പരസ്യം കേള്‍ക്കുമ്പോഴുള്ള അവസ്ഥയെന്നും താങ്കള്‍ ആക്ഷേപിച്ചു.

പൊതുപ്രവര്‍ത്തന അനുഭവക്കുറവുണ്ടെങ്കിലും അഭ്യസ്തവിദ്യനായ താങ്കള്‍ ഇത്തരം നുണകള്‍ പറയുന്നത് അത്ഭുതകരമാണ്. (ആ പരസ്യം കേള്‍ക്കുമ്പോള്‍ താങ്കള്‍ പേടിച്ചു വിറയ്ക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം ഞങ്ങള്‍ക്കറിയില്ല. പേടിയും വിറയലും കൂടുകയാണെങ്കില്‍ ഒന്ന് ശ്രദ്ധിക്കുക)വര്‍ഗ്ഗീയ ഫാസിസ്റ്റുകളും മതമൗലികവാദികളും അഴിമതിക്കാരും പിണറായിയുടെ പേര് കേട്ട് അസ്വസ്ഥപ്പെടാറുണ്ട്.

മാംഗ്‌ളൂരിലും ഭോപ്പാലിലും ഹൈദരബാദിലും വര്‍ഗീയവാദികളെ അലോസരപ്പെടുത്താന്‍ ആ പേരിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ തല കൊയ്യുമെന്നുള്ള ഭീഷണി വരെയുണ്ടായി. ഇന്ത്യയിലെങ്ങുമുള്ള സംഘികളെ ആ പേര് അസ്വസ്ഥപ്പെടുത്തുന്നു. താങ്കളുടെ പാര്‍ട്ടിക്കാര്‍ രാജ്യവ്യാപകമായി ബിജെപി യില്‍ ലയിച്ച് ജനവഞ്ചന നടത്തുമ്പോള്‍ ഇന്ത്യയിലെ മതനിരപേക്ഷ വാദികളുടെ പ്രതീക്ഷ ഇടതുപക്ഷത്തിലാണ്. രാജ്യത്തെ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ ശബ്ദമാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. ഇതൊന്നും തിരിച്ചറിയാനുള്ള അടിസ്ഥാന രാഷ്ട്രീയ ബോധം താങ്കള്‍ക്കില്ലാതെ പോയല്ലോ കഷ്ടം!.

പിണറായി സര്‍ക്കാരിന്റെ പരസ്യം കേള്‍ക്കുമ്പോള്‍ താങ്കളുടെ നാട്ടിലെ കുട്ടികള്‍ പേടിച്ചു വിറയ്ക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ നിലവാരമില്ലാത്ത മൂന്നാം കിട തമാശയാണത്. (നാടിനെ നയിക്കുന്ന നായകന്റെ രൂപത്തില്‍ – ആരെങ്കിലും പിണറായിയെപ്പറ്റി തന്റെ കുഞ്ഞുങ്ങളോട് നല്ലത് പറയുന്നുണ്ടെങ്കില്‍ താങ്കള്‍ക്കിത്ര വിഷമം എന്തിനാണ്? കോണ്‍ഗ്രസ് നേതാക്കളുടെ പേരു പറഞ്ഞ്
‘ ഇമ്മാതിരിയായി മക്കള് വളരല്ലേ ‘ എന്ന് ഉപദേശിക്കുന്ന വീടുകളും ഉണ്ടല്ലോ )

ഹിന്ദി ചിത്രമായ ഷോലെ ഇറങ്ങിയിട്ട് നാല്‍പ്പത് വര്‍ഷമായി. കാലം കുറേയേറെ മുന്നോട്ട് പോയി. താങ്കളുടെ ആസ്വാദന ഭാവുകത്വ പരിസരങ്ങള്‍ ഇപ്പോഴും അക്കാലങ്ങളില്‍ കിടന്നു കറങ്ങുന്നതില്‍ ഖേദമുണ്ട്. പിണറായി വിജയന്റേയും അദ്ദേഹം നേതൃത്വം നല്കുന്ന ജനകീയ സര്‍ക്കാരിന്റെയും ഇടപെടലുകളെ കള്ളനാണയങ്ങള്‍ക്ക് ഭയമുണ്ടെന്നതും, ഇനിയും ഭയക്കാന്‍ ഏറെയുണ്ടാകുമെന്നതും നേരാണെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്കറിയാം. കുട്ടികള്‍ക്കറിയാം.

താങ്കള്‍ പതിറ്റാണ്ടുകള്‍ക്ക് പിന്‍പേയുള്ള പടങ്ങള്‍ കണ്ട് അഭിരമിക്കുക. കുട്ടികളെ അവരുടെ പാട്ടിന് വിട്ടേക്ക്. അവര്‍ സ്‌കൂളിലേക്ക് പോകുകയാണ്. വളരെ നേരത്തേ കിട്ടിയ യൂണിഫോമും പുസ്തകങ്ങളുമായി തങ്ങളുടെ സ്മാര്‍ട്ട് ക്ലാസ് റൂമുകളിലേക്ക് അവര്‍ കുതിയ്ക്കുകയാണ്. ആയിരം സ്‌കൂളുകളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനും 45000 ക്ലാസ് മുറികളെ സ്മാര്‍ട്ട് ക്ലാസ് മുറികളാക്കാനുമുള്ള പദ്ധതി തുടങ്ങിക്കഴിഞ്ഞു.

കുട്ടികള്‍ പിണറായി സര്‍ക്കാരിനെ ഇഷ്ടപ്പെടുന്നതിന് കുറേക്കാരണങ്ങളുണ്ട്. അവരുടെ സ്‌കൂളുകള്‍ നന്നാക്കാന്‍ കോടികള്‍ ഫണ്ട് അനുവദിച്ച ,അവര്‍ക്കായി സ്ഥിര അദ്ധ്യാപകരെ നിയമിച്ച, പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതി നടപ്പാക്കിയ സര്‍ക്കാരാണ്. വീടില്ലാത്ത ആയിരങ്ങള്‍ക്കാണ് വീട് നല്‍കുന്നത്. മഴ നനയാതെയും സുരക്ഷിതമായും കിടക്കാന്‍ ഒരു വീട് – കുട്ടികളുടെ കൂടി സ്വപ്നമാണ്. കുഞ്ഞുങ്ങള്‍ ഒരുപാട് സ്‌നേഹിക്കുന്ന അവരുടെ അപ്പൂപ്പന്മാര്‍ക്കും അമ്മൂമ്മമാര്‍ക്കുമുള്ള പെന്‍ഷന്‍ പണം കൂട്ടി, കൃത്യമായി നല്‍കുന്നത് പിണറായി സര്‍ക്കാരാണ്.

പെന്‍ഷന്‍ കിട്ടിയ പണം കൊണ്ട് പൊന്നു മക്കള്‍ക്ക് ഓണക്കോടിയും മിഠായികളും വസ്ത്രങ്ങളും വാങ്ങി നല്‍കിയത് അവര്‍ മറന്നിട്ടില്ല. ചേച്ചിമാരുടെയും ചേട്ടന്മാരുടെയും വിദ്യാഭ്യാസ ലോണ്‍ തീര്‍ക്കാനായി 900 കോടിയാണ് അനുവദിച്ചത്. എത്രയോ കാലമായി തുച്ഛ ശമ്പളത്തിന് ജോലി ചെയ്ത്, കുഞ്ഞുങ്ങളെ താലോലിച്ചവരാണ് അംഗന്‍വാടി ജീവനക്കാര്‍.

പിഞ്ചോമനകള്‍ കരയുമ്പോള്‍ കണ്ണീരൊപ്പുന്ന ആയമാര്‍ക്ക് , അംഗനവാടി ടീച്ചര്‍മാര്‍ക്ക് അവരുടെ സങ്കടമകറ്റാന്‍ പാകത്തില്‍ നല്ല വേതനം നല്‍കിയത് പിണറായി സര്‍ക്കാരാണ്. കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും അകാരണമായി പഴി പറഞ്ഞാല്‍ കുഞ്ഞുങ്ങള്‍ സഹിച്ചെന്നു വരില്ല.

പ്രിയ ശബരിനാഥന്‍,
ജനാധിപത്യ സമൂഹത്തില്‍ വിമര്‍ശനം അനിവാര്യമാണ്. എന്നാല്‍ മറ്റുള്ളവരെ അടച്ചാക്ഷേപിക്കാനും വിഡ്ഢിത്തങ്ങള്‍ വിളിച്ചു പറയാനും തയ്യാറാവുന്നത് നല്ല ശീലമല്ല. കാര്യങ്ങള്‍ പറയുമ്പോള്‍ പക്വതയും സത്യസന്ധതയും ആധികാരികതയും പാലിക്കാന്‍
താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഷിജൂഖാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here