കശാപ്പ് നിരോധനത്തിനെതിരെ മുഖ്യമന്ത്രി; എന്ത് ഭക്ഷണം കഴിക്കണമെന്ന് ഭരണകൂടം പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് പിണറായി; കേരളത്തില്‍ പ്രതിഷേധം അലയടിക്കുന്നു; വിശദീകരണവുമായി കുമ്മനവും രംഗത്ത്

തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ജനങ്ങള്‍ എന്ത് ഭക്ഷണം കഴിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്ങനെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ അവരുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും പിണറായി പറഞ്ഞു.

ഒരു ജനാധിപത്യ രാഷ്ട്രത്തിന് ചേരുന്ന നടപടിയല്ല കേന്ദ്രത്തിന്റെതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര തീരുമാനം ആശ്ചര്യപ്പെടുത്തിയെന്നും രാജ്യത്തെ എങ്ങോട്ട് കൊണ്ട് പോകാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും പിണറായി ചോദിച്ചു. ഹിറ്റ്‌ലറുടെ നാസിസമാണ് മോദിസര്‍ക്കാര്‍ നടപ്പാക്കുന്നത്. കശാപ്പ് നിരോധനം അനേകായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് വിഷയത്തില്‍ ഉണ്ടായിരിക്കുന്നത്. കേന്ദ്രത്തിന്റേത് യുക്തിരഹിതമായ തീരുമാനമാണെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. രാജ്യമാകെ മനുസ്മൃതി നടപ്പിലാക്കുമെന്ന വിളംബരമാണ് കശാപ്പ് നിരോധനത്തിലൂടെ മോദിസര്‍ക്കാര്‍ നല്‍കിയതെന്നായിരുന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഭരണഘടനാപരമായ പൗരന്റെ അവകാശങ്ങള്‍ ഹനിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേഷ് ചെന്നത്തലയുടെ അഭിപ്രായം.
രാജ്യത്ത് വിഭജനമുണ്ടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമമാണ് നിരോധനമെന്നാണ് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചത്. നഗ്‌നമായ ഭരണഘടനാലംഘനമാണ് തീരുമാനമെന്നായിരുന്നു മന്ത്രി വി എസ് സുനില്‍കുമാറിന്റെ പ്രതികരണം. കേന്ദ്രതീരുമാനം അംഗീകരിക്കില്ലെന്ന് മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണെന്നായിരുന്നു മന്ത്രി കെ രാജുവിന്റെ പ്രതികരണം. തീരുമാനം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഇത് കര്‍ഷകരെ ദുരിതത്തിലാക്കുമെന്നും എന്ത് നടപടിയെടുക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റംസാന്‍ വ്രതമാരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള നിരോധനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നായിരുന്നു കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ അഭിപ്രായപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ യോജിക്കാവുന്ന പാര്‍ട്ടികളെ കൂടെനിര്‍ത്തി പാര്‍ലമെന്റിനകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ പി എ മജീദ് വ്യക്തമാക്കി.

അതേസമയം കശാപ്പ് നിരോധന വാര്‍ത്ത വളച്ചൊടിച്ചതാണെന്ന പ്രസ്താവനയുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയത്. കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമെന്നും ആഹാരത്തിനായി മൃഗങ്ങളെ വളര്‍ത്തുന്നതിനോ കശാപ്പ് ചെയ്യുന്നതിനോ കഴിക്കുന്നതിനോ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും കുമ്മനം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News