മോദിയുടെ കശാപ്പ് നിരോധനം എതിര്‍ത്ത് തോല്‍പ്പിക്കണം; വിമര്‍ശനവുമായി വി എസ്

കന്നുകാലികളുടെ വില്‍പ്പനയും കൈമാറ്റവും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളോടുള്ള വെല്ലുവിളിയും ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനവുമാണെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സ്വാധികാരപ്രമത്തരായ ഭ്രാന്തന്‍ ഗോസംരക്ഷകരുടെ കാല്‍ക്കീഴില്‍ ഇന്ത്യയുടെ മതനിരപേക്ഷത അടിയറ വെക്കുന്നത് എന്ത് വിലകൊടുത്തും ചെറുക്കുകതന്നെ വേണം. സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കൈകടത്തുന്നു എന്നതു മാത്രമല്ല, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള മൗലികാവകാശത്തെപ്പോലും ധ്വംസിക്കുംവിധം ഏകാധിപത്യപരമായ വിജ്ഞാപനങ്ങളിറക്കിക്കൊണ്ട് ഇന്ത്യയുടെ നാനാത്വത്തെയും വൈവിദ്ധ്യപൂര്‍ണതയെയും അപമാനിക്കുകയും അവഹേളിക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.

കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമല്ല, ഇന്ത്യയില്‍ കാലികളെ വളര്‍ത്തുന്നത്. ഭക്ഷണത്തിനും തുകലിനും യാത്രക്കുമെല്ലാം കാലികളെ ഉപയോഗിക്കുന്ന നാടാണ് ഇന്ത്യ. അത്തരം ആവശ്യങ്ങള്‍ക്കെല്ലാം കാലികളെ കൈമാറ്റം ചെയ്യുകയും വേണ്ടിവരും. കാലികളുടെ തുകലുകൊണ്ടുണ്ടാക്കിയ ചെരിപ്പുമിട്ട് ഗോസംരക്ഷണം പ്രസംഗിക്കുന്ന ഗോസാമിമാരുടെ മാത്രം പ്രതിനിധിയല്ല, ഇന്ത്യയുടെ പ്രധാനമന്ത്രി. അദ്ദേഹം ഒരു ഹിന്ദു രാഷ്ട്രത്തിലെ രാജാവുമല്ല. ഇക്കാര്യം മനസ്സിലാക്കി ഈ വിജ്ഞാപനം പിന്‍വലിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണം വിഎസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here