വാഗ്ദാനങ്ങളില്‍ നിന്ന് പിന്‍മാറി മോദിസര്‍ക്കാര്‍; 125 കോടി ജനങ്ങള്‍ക്കും തൊഴില്‍ നല്‍കുക പ്രായോഗികമല്ലെന്ന് അമിത് ഷാ; യുവാക്കള്‍ സ്വയംതൊഴില്‍ കണ്ടെത്തണം

ദില്ലി: രാജ്യത്തെ 125 കോടി ജനങ്ങള്‍ക്കും തൊഴില്‍ നല്‍കുക പ്രായോഗികമല്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ജനങ്ങള്‍ സ്വയംതൊഴില്‍ കണ്ടെത്തണമെന്നും അമിത് ആവശ്യപ്പെട്ടു.

പ്രതിവര്‍ഷം രണ്ട് കോടി യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു മോദി സര്‍ക്കാരിന്റെ പ്രധാന പ്രഖ്യാപനം. എന്നാല്‍ രണ്ട് ലക്ഷംപേര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്താന്‍ പോലും സാര്‍ക്കാരിന് സാധിച്ചില്ല. അധികാരത്തില്‍ ഏറിയശേഷമുള്ള ആദ്യ വര്‍ഷം 1.35 ലക്ഷം പേര്‍ക്ക് രണ്ടാം വര്‍ഷം 1.4 ലക്ഷം പേര്‍ക്കും മൂന്നാം വര്‍ഷം 1.6 ലക്ഷം പേര്‍ക്കുമാണ് തൊഴില്‍ നല്‍കാന്‍ സാധിച്ചത്. പ്രഖ്യാപിച്ച വാഗ്ദാനം നടപ്പാക്കിയില്ലെന്ന പ്രതിപക്ഷ വിമര്‍ശനം ശക്തമായതിനിടയിലാണ് അമിത്തിന്റെ പ്രതികരണം.

രാജ്യത്തെ 125 കോടി ജനങ്ങള്‍ക്കും തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും ജനങ്ങള്‍ സ്വയംതൊഴില്‍ കണ്ടെത്താന്‍ തയാറാകണമെന്നും അമിത് ഷാ ദില്ലിയില്‍ പറഞ്ഞു. സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ സുതാര്യമാക്കുമെന്നും ഇത് വരെ എട്ട് കോടി ജനങ്ങളെ സ്വയം തൊഴിലിന് സര്‍ക്കാര്‍ പ്രാപ്തരാക്കിയെന്നും അമിത്ഷാ ചൂണ്ടികാട്ടി.

അസംഘടിത മേഖലയിലെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അമിത്ഷാ കൂട്ടിചേര്‍ത്തു. നോട്ട് അസാധുവാക്കലിന് പിന്നാലെ 1.52ലക്ഷം താത്കാലിക തൊഴിലാളികളുടെ ജോലി നഷ്ടപ്പെട്ടുവെന്ന് ലേബര്‍ ബ്യൂറോ സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കവെ രാജ്യത്ത് തൊഴിലില്ലായ്മ ശക്തമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും അമിത് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News