ബീഫ് നിരോധനത്തില്‍ മോദിസര്‍ക്കാറിനെ പിന്തുണച്ച് വെള്ളാപ്പള്ളി

കൊല്ലം: കന്നുകാലി കശാപ്പ് നിരോധിച്ച സംഭവത്തില്‍, കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാനത്ത് ഭരണ പ്രതിപക്ഷ പ്രതിഷേധം ശക്തമായ സമയത്താണ് എസ് എന്‍ ഡി പി യോഗം സെക്രട്ടറിയുടെ ബിജെപി അനുകൂല പ്രതികരണം. വിജ്ഞാപനം പൗരസ്വാതന്ത്രത്തിന് എതിരെന്ന വാദം തെറ്റാണെന്നും സ്വാതന്ത്ര്യം നിയന്ത്രണത്തിന് വിധേയമാകണമെന്നുമാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്.

അതേസമയം കേന്ദ്രത്തിന്റേത് യുക്തിരഹിതമായ തീരുമാനമാണെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. രാജ്യത്ത് മനുസ്മൃതി നടപ്പിലാക്കുമെന്ന വിളംബരമാണ് കശാപ്പ് നിരോധനത്തിലൂടെ മോദിസര്‍ക്കാര്‍ നല്‍കിയതെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഭരണഘടനാപരമായ പൗരന്റെ അവകാശങ്ങള്‍ ഹനിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ അഭിപ്രായം.

രാജ്യത്ത് വിഭജനമുണ്ടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമമാണ് നിരോധനമെന്നാണ് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചത്. നഗ്നമായ ഭരണഘടനാലംഘനമാണ് തീരുമാനമെന്നായിരുന്നു മന്ത്രി വിഎസ് സുനില്‍കുമാറിന്റെ പ്രതികരണം. കേന്ദ്രതീരുമാനം അംഗീകരിക്കില്ലെന്ന് മന്ത്രി കെടി ജലീലും വ്യക്തമാക്കി.

റംസാന്‍ വ്രതമാരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള നിരോധനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ അഭിപ്രായപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ യോജിക്കാവുന്ന പാര്‍ട്ടികളെ കൂടെനിര്‍ത്തി പാര്‍ലമെന്റിനകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News