‘മോദി ജീ, ഞങ്ങള്‍ ബീഫും തിന്നും സമരവും ചെയ്യും’; ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ശക്തമായ സമരം ഉയരുമെന്നും മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ കന്നുകാലി കശാപ്പു നിരോധനം മൂന്നുവര്‍ഷത്തെ ഭരണ പരാജയം മറച്ചുവയ്ക്കാനുള്ള തന്ത്രമാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുഹമ്മദ് റിയാസ്. മൂന്നുവര്‍ഷത്തെ ജനവിരുദ്ധ ഭരണത്തിനെതിരെയുള്ള വികാരം വഴിതിരിച്ചു വിടാനുള്ള ആര്‍എസ്എസ് തന്ത്രം ജനം തിരിച്ചറിയും. പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ശക്തമായ സമരം ഉയരുമെന്നും മുഹമ്മദ് റിയാസ് പറയുന്നു.
മുഹമ്മദ് റിയാസിന്റെ വാക്കുകള്‍ ഇങ്ങനെ:

കന്നുകാലികളെ കശാപ്പിനായി ചന്തകളിൽ വിൽക്കുന്നത് രാജ്യവ്യാപകമായി നിരോധിച്ച ഉത്തരവിലൂടെ, മൂന്നു വർഷത്തെ ജന വിരുദ്ധ ഭരണത്തിനെതിരെയുള്ള വികാരം മതവർഗ്ഗീയ ധ്രുവീകരണത്തിലൂടെ ഭിന്നിപ്പിക്കുക, സർക്കാർ സ്പോൺസേർഡ് പരിപാടിയായി RSS അജണ്ട നടപ്പിലാക്കുക, എന്നീ ഉദ്ദേശങ്ങളാണ് മോഡി സർക്കാർ സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുന്നത്. ഒരു വെടിക്ക് രണ്ടു പക്ഷി എന്നതാണ് ലക്ഷ്യം. മൂന്ന് വർഷം കൊണ്ട് ആറ് കോടി യുവജനങ്ങൾക്ക് തൊഴിൽ നൽകുമെന്ന് വാഗ്ദ്ധാനം ചെയ്ത് അധികാരത്തിൽ വന്ന്, ആറ് ലക്ഷം പേർക്കു പോലും തൊഴിൽ നൽകാനാവാതെ പരാജയമായി മാറിയവർക്ക്, തൊഴിലില്ലായ്മ എന്ന അജണ്ടയെ വഴി മാറ്റി യുവജന സമൂഹത്തെ വർഗ്ഗീയമായി ചേരി തിരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് തീൻമേശയിലെ ഈ മിന്നൽ അക്രമണം.

വൈദികകാലം മുതല്‍ ആര്‍ഷ ഭാരത സംസ്‌ക്കാരത്തിന്റെ ഭാഗമാണ് ഗോമാതാപൂജയെന്ന സംഘപരിവാറിന്റെ വാദം തെറ്റാണെന്ന് വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ധര്‍മശാസ്ത്രങ്ങളും അടിസ്ഥാനമാക്കി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. അശ്വമേധം, രാജസൂയം, വാജപേയ യാഗം, അഗ്‌നിഹോത്രം തുടങ്ങിയ വേദകാല ആചാരങ്ങളിലെല്ലാം വന്‍തോതില്‍ തന്നെ മൃഗബലി നടത്തിയിരുന്നു. ആര്യൻമാർ ഭക്ഷണത്തിനായി പശുവിനെ കൊന്നിരുന്നുവെന്ന് ഋഗ്വേദത്തിൽ നിന്നു തന്നെ വ്യക്തമാണ്.

ഇന്ത്യക്ക് പ്രതിവര്‍ഷം പോത്തിറച്ചി കയറ്റുമതിയിലൂടെ ലഭിച്ചു വരുന്ന വരുമാനം 3500 കോടിയിലധികം രൂപ വരും. ഇന്ത്യയില്‍ നിന്നുള്ള ബീഫിന് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്.ഇന്ത്യയുടെ ലതര്‍ വ്യവസായം ലോകത്ത് പ്രസിദ്ധമാണ് 2.5 മില്യണ്‍ തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. ഇതില്‍ മുപ്പതു ശതമാനവും സ്ത്രീകളാണ്. വലിയ രീതിയുള്ള തൊഴില്‍ സാമൂഹിക പ്രശ്നങ്ങള്‍ ഗോവധ നിരോധനത്തോടെ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്‌.

ഇന്ത്യയിലെ ജനസംഖ്യയുടെ 60 % മാംസഭുക്കുകളാണ്‌, 31% സസ്യഭുക്കുകളും 9% കോഴിമുട്ട ഭക്ഷിക്കുന്ന സസ്യഭുക്കുകളാണ്.യുണെറ്റഡ് നേഷന്‍സ് ഇന്‍ ഫുഡ്‌ അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ പഠന റിപ്പോര്‍ട്ട് പ്രകാരം കോഴി കഴിഞ്ഞാല്‍ ഇന്ത്യയിലെ മാംസഭുക്കുകൾ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുനത് ബീഫ് ആണ്.26 ലക്ഷം ടണ്‍.ഇതില് നിന്നും മനസിലാക്കേണ്ടത് ബീഫ് ഇന്ത്യയിൽ മാംസാഹാരം കഴിക്കുന്നവരുടെ ജീവിത ശൈലി ആയി മാറിയിട്ടുണ്ട് എന്നാണ്.

വർഗ്ഗീയ- വിഘടന ശക്തികളുടെ വർദ്ധിച്ചു വരുന്ന ശക്തിയാണ് പശുവിനെ രാഷ്ട്രീയ ചതുരംഗ പലകയിലേക്ക് കൊണ്ടുവരുന്നതിന്റെ ആണിക്കല്ല്. സമൂഹത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് ഹിന്ദുത്വ വലതുപക്ഷ ശക്തികളുടെ കൈയിലെ രാഷ്ട്രീയ ഉപകരണമായാണ് ഈ പ്രതീകം വളർത്തിക്കൊണ്ടു വരുന്നത് എന്നു മനസിലാക്കേണ്ടതുണ്ട്. ഇത്തരം നീക്കങ്ങൾ സാമ്പത്തികമായി വിപരീത ഫലം മാത്രമേ ഉണ്ടാക്കൂ.

ഇഷ്ടഭക്ഷണം തിരഞ്ഞെടുക്കാനുള്ള ഒരു വിഭാഗത്തിന്റെ സ്വാതന്ത്ര്യത്തിനു മുകളിലുള്ള കടന്നു കയറ്റവും, രാജ്യത്തെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവർക്ക് പോഷക സമ്പുഷ്ടമായ ആഹാരം ലഭിക്കുന്നതിനുള്ള ഏക വഴി നിഷേധിക്കലുമാണത്.

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തെ ഭിന്നിപ്പിച്ച് തകർക്കുവാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച അജണ്ടകളിൽ ചിലതാണ് ഗോവധ നിരോധനവും കപട കന്നുകാലി സംരക്ഷണവും. നാം പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുന്ന നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളെ ഭിന്നിപ്പിക്കുവാനുള്ള സംഘപരിവാരത്തിന്റെ പുതിയ കുടില തന്ത്രങ്ങളെ ചെറുക്കാൻ മാംസാഹാരികളും, സസ്യാഹാരികളും ഉൾപ്പെടെ പൗരാവകാശത്തിൽ വിശ്വസിക്കുന്ന മുഴുവൻ ആളുകളും മുന്നോട്ട് വരേണ്ടതുണ്ട്.

“മോദി ജീ, ഞങ്ങൾ ബീഫും തിന്നും
സമരവും ചെയ്യും”.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here