കശാപ്പ് നിരോധനമെത്തും മുമ്പെ നിയമം ഗോരക്ഷകരുടെ കയ്യിലോ; കറവ പശുക്കളുമായി പോയവരെ ട്രെയിന്‍ തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചു

ഭുവനേശ്വര്‍: കന്നുകാലി കശാപ്പിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നതിനിടിലാണ് ഗോ സംരക്ഷകരുടെ ആക്രമണവും വ്യാപകമായിരിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. സ്വയം പ്രഖ്യാപിത ഗോ സംരക്ഷകര്‍ തന്നെ കന്നുകാലി കര്‍ഷകര്‍ക്ക് ശിക്ഷ നടപ്പാക്കുന്നതിന്റെ പുതിയ വാര്‍ത്ത ഒഡീഷയില്‍ നിന്നാണ് പുറത്തുവന്നത്. രാജ്യമാകെ ഇനി ഇത്തരം ആക്രമണപരമ്പരകളായിരിക്കുമോ അരങ്ങേറുക എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ഭുവനേശ്വര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞ് നിര്‍ത്തിയായിരുന്നു ഗോരക്ഷ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. കൊച്ചുവേളി – ഗുവാഹത്തി എക്‌സ്പ്രസ് ഭുവനേശ്വര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഗോമാതാവിനെ രക്ഷിക്കാനെന്ന പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു.

ട്രെയിനില്‍ കന്നുകാലി കടത്തല്‍ നടത്തുന്നുണ്ടെന്ന വിവരം കിട്ടിയാണ് തങ്ങള്‍ വന്നതെന്നായിരുന്നു ഇവരുടെ അവകാശവാദം. ട്രെയിനിലെ പാഴ്‌സല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും 20പശുക്കളെ ഇവര്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഈ പശുക്കളെ അധികൃതരുടെ അനുമതിയോടെ നിയമപരമായി തന്നെ ഡയറി ഫമിലേക്കു കൊണ്ടുപോകുന്നതായിരുന്നു.ഇതുമായി ബന്ധപ്പെട്ട രേഖകളും പശുക്കളുമായി പോയവരുടെ കൈവശം ഉണ്ടായിരുന്നു.

തമിഴ്‌നാട്ടിലെ സേലത്തുള്ള ഫാമില്‍ നിന്നും മേഘാലയായിലെ ഡയറിഫാമിലേക്കു കൊണ്ടുപോകുന്ന കറവപശുക്കളായിരുന്നു ഇവ. പക്ഷേ ഈ വിശദീകരണങ്ങളൊന്നും കേള്‍ക്കാതെ പശുക്കളുമായി പോയ ഡയറിഫാമിലെ രണ്ടുജീവനക്കാരെ ക്രൂരമായ മര്‍ദ്ദനത്തിനു വിധേയരാക്കുകയായിരുന്നു ഗോ രക്ഷകര്‍. ഇവര്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റിനെയും സഹായിയേയും വെറുതേവിട്ടില്ല. കാലിക്കടത്തിനു സഹായം ചെയ്‌തെന്നാരോപിച്ച് ലോക്കോ പൈലറ്റിനു നേരേയും മര്‍ദ്ദനമഴിച്ചുവിട്ടു.

ട്രെയിന്‍ കമ്പാര്‍ട്ടുമെന്റില്‍ നിന്നും ഇരുപതോളം പശുക്കളെ കണ്ടെത്തി ഇവര്‍ പ്ലാറ്റ്‌ഫോമില്‍ കെട്ടിയിടുകയും ചെയ്തു. പിന്നീട് ഇവയെ സമീപത്തുള്ള കന്നുകാലി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം ഇത് അനധികൃത കാലിക്കടത്തല്ലായിരുന്നു എന്നു മേഘാലയ സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്ഷീരകര്‍ഷകരെ സഹായിക്കാനായി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ തുടങ്ങിയ ഡയറിഫാമിലേക്ക് ഈ ടെന്‍ഡര്‍ വഴി ഓര്‍ഡര്‍ നല്‍കി തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന പശുക്കളായിരുന്നു അവയെന്നു മേഘാലയ ആനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് വെറ്റിനറി ഡയറക്ടറും വ്യക്തമാക്കി.

അതേസമയം അക്രമമഴിച്ചുവിട്ട സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കന്നുകാല കശാപ്പ് നിരോധനത്തിന് ശേഷം രാജ്യമാകെ സംഘപിരവാര്‍ പ്രവര്‍ത്തകരും ഗോ രക്ഷാ പ്രവര്‍ത്തകരും അക്രമം അഴിച്ചുവിടുമെന്ന സൂചനയാണ് സംഭവം നല്‍കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News