ചോറ്റുപാത്രത്തില്‍ കയ്യിട്ട് തട്ടിത്തെറിപ്പിക്കാന്‍ നോക്കിയാല്‍ കരഞ്ഞുകൊണ്ട് വീട്ടില്‍ പോകുന്നവരുടെ നാടല്ല കേരളം; കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ബീഫ് നിരോധനത്തിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് മന്ത്രി കടകംപള്ളിസുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. പി.എന്‍ ഗോപീകൃഷ്ണന്‍ എഴുതിയ ‘ബിരിയാണി / ഒരു സസ്യേതര രാഷ്ട്രീയ കവിത ‘യിലെ വരികള്‍ ഉദ്ദരിച്ചുകൊണ്ടാണ് കടകംപളളി തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

‘വിശക്കുന്ന മനുഷ്യാ
ബിരിയാണി ഭക്ഷിക്കൂ
അതൊരായുധമാണ്
അവര്‍ അത് ചെയ്‌തേക്കും
മീററ്റില്‍ അഹമ്മദാബാദില്‍
വാരണാസിയില്‍
കൊല്‍ക്കത്തയില്‍
ദില്ലിയില്‍ ചെന്നൈയില്‍
ബിരിയാണി തിന്നുന്നവരെ
പാകിസ്ഥാനിലേക്ക് നാടുകടത്തിയേക്കും.. ‘
രണ്ട് വര്‍ഷം മുമ്പ് പി.എന്‍ ഗോപീകൃഷ്ണന്‍ എഴുതിയ ‘ബിരിയാണി / ഒരു സസ്യേതര രാഷ്ട്രീയ കവിത ‘യിലെ വരികളാണിത്. ഭക്ഷണത്തിനും ഒരു രാഷ്ട്രീയമുണ്ട്. നമ്മള്‍ എന്ത് കഴിക്കണം എന്ന് കല്‍പ്പിക്കപ്പെടുന്നതല്ല ജനാധിപത്യം. ഇഷ്ടമുള്ളത് കഴിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും അവകാശമുണ്ട്. കടുവയോട് നാളെ മുതല്‍ പച്ചപ്പുല്ല് കഴിച്ചു കൊള്ളണം എന്ന് ആജ്ഞാപിക്കും പോലെ വിഡ്ഢിത്തമാണ് മനുഷ്യരുടെ ഭക്ഷണ ശീലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നത്. ഗോമാംസ വിഷയം മാത്രമല്ല ഇത്. മാട്ടിറച്ചി വ്യാപാരം കോടികളുടെ ഇടപാടാണ്. അത് കുത്തകയാക്കി മാറ്റാനും, ലക്ഷകണക്കിനാളുകളുടെ തൊഴില്‍ ഇല്ലാതാക്കാനും നടത്തുന്ന നിഗൂഢ നീക്കമാണിത്. വര്‍ഗീയതയുടെ വിദ്വേഷ പ്രചാരണ മാര്‍ഗമാണിത്. പ്രതിരോധിക്കാന്‍ ഇടതുപക്ഷ കേരളം ഒറ്റ മനസോടെയുണ്ട് എന്ന് വ്യക്തമാക്കിയാണ് കൊച്ചിയില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് നടത്തിയത്. ബീഫ് കഴിച്ചു കൊണ്ട് ആ പ്രതിരോധ സമരത്തിന് ഞാനിന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
‘തലശ്ശേരിയിലെ
കോഴിക്കോട്ടെ
ഫോര്‍ട്ട് കൊച്ചിയിലെ
പഴക്കമുള്ള ബിരിയാണി ചെമ്പുകളെ
ബോംബുവച്ചു തകര്‍ത്തേക്കും.’
എന്ന ബിരിയാണി കവിതയിലെ വരികള്‍ പ്രവചനാത്മകമായ മുന്നറിയിപ്പ് തന്നെയായിരുന്നു.
ഇതൊക്കെ നോട്ട് നിരോധനമെന്ന ടെസ്റ്റ് ഡോസിന്റെ പിന്നാലെയുള്ള കടുത്ത നീക്കങ്ങള്‍ തന്നെയാണ്. ഫാസിസം അടുക്കളയില്‍ വരെ കയറിയിരിക്കുന്നു. ഇനി മൗനം പാലിച്ചാല്‍ അത് നിങ്ങളുടെ സ്വത്വത്തെ തന്നെ ഇല്ലായ്മ ചെയ്യും. ഞങ്ങള്‍ ഇത് മുന്‍പ് പറഞ്ഞപ്പോഴൊക്കെ കളിയാക്കി ചിരിച്ചവരുണ്ട്. അവര്‍ക്കൊക്കെ പലതും മനസിലായി തുടങ്ങിയിട്ടുണ്ടാകാം.
ഒന്നു മാത്രം പറയാം. ഇത് ഇടതു ബോധമുള്ള കേരളമാണ്. ചോറ്റുപാത്രത്തില്‍ കയ്യിട്ട് തട്ടിത്തെറിപ്പിക്കാന്‍ നോക്കിയാല്‍ കരഞ്ഞുകൊണ്ട് വീട്ടില്‍ പോകുന്നവരുടെ നാടല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News