
ബാഴ്‌സലോണ: സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ ക്യാമ്പില്‍ നിന്നും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പുറത്തേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതുമുതല്‍ തുടങ്ങിയ ആരാധകരുടെ ആശങ്ക വര്‍ദ്ധിക്കുന്നു. നെയ്മര്‍ പടിയിറങ്ങിയാല്‍ ഇതിഹാസ താരം ലയണല്‍ മെസി കൂടി ബാഴ്‌സയെ കൈവിടുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ സജീവമാകുന്നത്. നെയ്മര്‍ ജൂനിയര്‍ ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട് സൂപ്പര്‍ താരം ലയണല്‍ മെസ്സി നിലപാട് വ്യക്തമാക്കിയതാണ് ആരാധകരുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിച്ചത്.
നെയ്മറുടെ അഭാവത്തില്‍ ‘എംഎസ്എന്‍’ സംഖ്യത്തിനുണ്ടാകുന്ന വിടവ് ബാഴ്‌സയുടെ മുന്നോട്ട് പോക്കിനെ തന്നെ ബാധിക്കുമെന്നാണ് മെസ്സി ആശങ്കപ്പെടുന്നത്. നെയ്മറുടെ പിതാവാണ് താരത്തെ ബാഴ്‌സ വിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നത്. ലയണല്‍ മെസ്സി സൂപ്പര്‍ താരമായിരിക്കുന്ന ബാഴ്‌സയില്‍ തുടരുന്നടുത്തോളം കാലം ഭാവി ശുഭകരമായിരിക്കില്ലെന്നാണ് പിതാവിന്റെ വാദമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് നെയമര്‍ക്ക് ഇപ്പോള്‍ ചേര്‍ന്ന ക്ലബെന്നാണ് നെയ്മര്‍ സീനിയര്‍ വിലയിരുത്തുന്നത്. അതേസമയം, ചാംപ്യന്‍സ് ലീഗ് യോഗ്യത നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നെയ്മറിന് വേണ്ടി വമ്പന്‍ തുക മുടക്കാനും തയാറായേക്കും. യൂറോപ്പ ലീഗില്‍ ചാംപ്യന്‍മാരായതോടെ ചാംപ്യന്‍സ് ലീഗ് യോഗ്യത ലഭിച്ച യുണൈറ്റഡിന് സൂപ്പര്‍ താരങ്ങളെ സമീപിക്കാനുമുള്ള അവസരം കൈവന്നിട്ടുണ്ട്. ട്രാന്‍സ്ഫര്‍ വിപണിയില്‍ ചാംപ്യന്‍സ് ലീഗ് യോഗ്യത നിര്‍ണായക ഘടകമാണ്.
മാത്രമല്ല നെയ്മര്‍ വിട്ടുപോകുമെന്ന വാര്‍ത്തകള്‍ ശക്തമായിട്ടും താരത്തെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ബാഴ്‌സ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന പരാതി ആരാധകര്‍ക്കുണ്ട്. പ്രതിരോധം പാളിയ ബാഴസയ്ക്ക് മുന്നേറ്റത്തിലെ ശക്തി കൂടി നഷ്ടപ്പെട്ടാല്‍ അടുത്ത സീസണില്‍ വലിയ വില നല്‍കേണ്ടിവരുമെന്നുറപ്പാണ്. ഇത് മെസിയെ നിരാശനാക്കിയാല്‍ താരവും ക്ലബിനെ കൈയ്യൊഴിയുമോ എന്ന ആശങ്കയും ആരാധകര്‍ പങ്കുവെയ്ക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here