റാലിക്ക് ആളെത്താന്‍ ഖജനാവില്‍ നിന്ന് പണം; മോദി വിവാദത്തില്‍; സ്വച്ഛ് ഭാരത് ഫണ്ടില്‍ നിന്നും ആളൊന്നിന് നല്‍കിയത് 500 രൂപ

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് ആളെക്കൂട്ടിയത് ദിവസക്കൂലി നല്‍കിയാണെന്ന് വിവാദം. അമര്‍ഖണ്ഡില്‍ മോദി നടത്തിയ റാലിയാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. അരലക്ഷത്തോളം പേര്‍ പങ്കെടുത്ത റാലിയില്‍ ആളൊന്നിന് 500 രൂപ വീതമാണ് നല്‍കിയത്. തുക നല്‍കിയത് സ്വച്ഛ് ഭാരത് മിഷന്റെ ഫണ്ടില്‍ നിന്നായിരുന്നെന്നാണ് വ്യക്തമാകുന്നത്.

മധ്യപ്രദേശ് സര്‍ക്കാരാണ് റാലിയില്‍ പങ്കെടുത്തവര്‍ക്ക് സ്വച്ഛ് ഭാരത് മിഷന്‍ ഫണ്ടില്‍ നിന്നും 500 രൂപ വീതം നല്‍കാന്‍ ഉത്തരവിട്ടത്. മൊത്തം 25 കോടിയിലധികമാണ് റാലിക്ക് മാത്രമായി ശിവരാജ് സിംങ് ചൗഹാന്‍ സര്‍ക്കാര്‍ ചെലവാക്കിയത്.

മുഖ്യമന്ത്രി നടത്തിയ നര്‍മ്മദായാത്രയുടെ സമാപനസമ്മേളനത്തിലാണ് നരേന്ദ്ര മോദി എത്തിയത്. സംസ്ഥാനത്തെ 33 ജില്ലകളില്‍ നിന്നും ബിജെപി റാലിക്ക് വേണ്ടി കൂലിക്ക് ആളെ എത്തിച്ചു. സ്വച്ഛ് ഭാരത് മിഷന്‍ രേഖകളില്‍ പരിശീലന പരിപാടി എന്ന് കാണിച്ചായിരുന്നു ഫണ്ട് ദുര്‍വിനിയോഗം.

ഈ മാസം 15 ന് നടത്തിയ റാലി പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നര്‍മ്മദാ നദിയുടെ ഉത്ഭവസ്ഥാനവും സരംരക്ഷിത ജൈവമേഖലയുമായ അമര്‍ഖണ്ഡില്‍ വന്‍ സമ്മേളനം നടത്തിയതിന് മുഖ്യമന്ത്രിയെ ദേശീയ ഹരിത ട്രിബ്യൂണല്‍ വിമര്‍ശിച്ചിട്ടുണ്ട്. അതിനിടയില്‍ റാലിക്ക് ആളെയെത്തിച്ചത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം തിരിമറി നടത്തിയിട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നതോടെ ശിവരാജ് സിംങ് കൂടുതല്‍ പ്രതിസന്ധിയിലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here