കേരളത്തില്‍ കലാപത്തിനുള്ള സംഘപരിവാര്‍ നീക്കം പൊളിഞ്ഞു; ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍ തകര്‍ക്കാന്‍ ശ്രമിച്ചയാള്‍ അഴിയെണ്ണും

മലപ്പുറം: പൂക്കോട്ടുംപാടം വില്വത്ത് മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍ തകര്‍ക്കാന്‍ ശ്രമിച്ചാണ് സംഘപരിവാര്‍ കേരളത്തിലും വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമം നടത്തിയത്. പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ കലാപം നടത്താനുള്ള സംഘപരിവാര്‍ ശ്രമത്തെ പൊളിച്ചു. ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍ തകര്‍ത്ത് കലാപമുണ്ടാക്കാന്‍ പദ്ധതിയിട്ടയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരം കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് എന്ന ഈശ്വരനുണ്ണി (37)യെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിഗ്രഹം തകര്‍ത്ത സംഭവത്തില്‍ വര്‍ഗീയവേര്‍തിരിവിനും കലാപത്തിനും സാമുഹ്യമാധ്യമങ്ങളിലൂടെ സംഘപരിവാര്‍ നടത്തിയ നീക്കങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയായി പ്രതിയുടെ അറസ്റ്റ്. 15 വയസ്സില്‍ നാടുവിട്ട ഇയാള്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലായി സഞ്ചരിക്കുകയായിരുന്നു. ഇപ്പോള്‍ മമ്പാട് പൊങ്ങല്ലൂരിലാണ് താമസം. മൂന്നുവര്‍ഷം മുമ്പാണ് ഇയാള്‍ ഇവിടെയെത്തിയത്. ജനുവരി 19ന് വാണിയമ്പലം ക്ഷേത്രത്തില്‍ നടന്ന സമാനസംഭവത്തിലും ഇയാള്‍ ഉള്‍പ്പെട്ടതായി പൊലീസ് പറഞ്ഞു. കൂടുതല്‍ ചോദ്യംചെയ്യല്‍ തുടരുകയാണ്. അക്രമം നടന്നതുമുതല്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും വാട്‌സാപ്പ് സന്ദേശങ്ങളും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഗൂഢലക്ഷ്യത്തോടെ പ്രചരിപ്പിച്ചിരുന്നു.

സംഭവം നടന്നയുടന്‍ വിവിധ സ്ഥാലങ്ങളില്‍ നിന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്തുകയും സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഹിന്ദുഐക്യവേദി നേതാക്കളും സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പൂക്കോട്ടുംപാടത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംഭവസ്ഥലത്ത് എത്തിയ ആര്യാടന്‍ മുഹമ്മദിന്റെ വാഹനം തടഞ്ഞ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ പി വി അന്‍വര്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത സമാധാന യോഗവും അലങ്കോലപെടുത്തിയിരുന്നു. എന്നാല്‍ പൊലീസിന്റെ കൃത്യമായ ഇടപെടലാണ് സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ കാരണം.

പഴൂതടച്ച അന്വേഷമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിക്കാന്‍ കാരണം. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ശ്രീകോവിലിനുള്ളിലെ ശിവ, വിഷ്ണു പ്രതിഷ്ഠകള്‍ ഇളക്കിയനിലയില്‍ കണ്ടെത്തിയത്. ശ്രീകോവിലിലും പുറത്തുമായി പത്തോളം ഭണ്ഡാരങ്ങള്‍ ഉണ്ടെങ്കിലും അവ തകര്‍ക്കുകയോ കവര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. തിരുവാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നില്ല. അമ്പലത്തിലെ വിറകുപുരയിലെ മഴു ഉപയോഗിച്ചാണ് ശ്രീകോവിലിന്റെ വാതിലുകള്‍ തുറന്നത്. തൃശൂര്‍ റേഞ്ച് ഐജി അജിത്കുമാര്‍ ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സയന്റിഫിക് വിദഗ്ധരും ഡോഗ് സ്‌കോഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

ജില്ലാ പൊലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റക്കാണ് അന്വേഷണ ചുമതല. ചുറ്റമ്പലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ വാതിലിനുസമീപം ഓടിളക്കി അകത്തുകയറിയാണ് വിഗ്രഹങ്ങള്‍ ഇളക്കിയിട്ടത്. വാതിലിന് മുകളിലെ പതിനഞ്ചോളം ഓടുകള്‍ ഇളക്കിമാറ്റി വാതിലിനുപുറത്തെ കുട്ടയില്‍ അടുക്കിവച്ചിരിക്കയാണ്. വിഷ്ണുവിഗ്രഹത്തിന്റെ കാലിന്റെഭാഗം പൊട്ടിച്ചതിനാല്‍ ഒരുവശത്തേക്ക് ചെരിഞ്ഞനിലയിലാണ്. ശിവലിംഗത്തിന്റെ ഗോളകത്തിന്റെ ഒരുഭാഗം പ്രതിഷ്ഠാപീഠത്തില്‍നിന്ന് ഇളകിയകന്നിട്ടുണ്ട്. ശ്രീകോവിലിന് സമീപമുള്ള നിര്‍മാല്യക്കല്ല് ഇളക്കിയെടുത്താണ് വിഗ്രഹങ്ങള്‍ ഇടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചതെന്ന് കരുതുന്നു. ക്ഷേത്രത്തില്‍ സപ്താഹം നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാത്രി 11.30വരെ കമ്മിറ്റി ഭാരവാഹികളും മറ്റും സ്ഥലത്തുണ്ടായിരുന്നു. ഇവര്‍ പോയശേഷമാണ് സംഭവം നടന്നതെന്ന് കരുതുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News