സൈനികരെ അപമാനിച്ചിട്ടില്ല; വാര്‍ത്ത വളച്ചൊടിച്ചത്; അഫ്‌സ്പ നിലപാടിലുറച്ചുനില്‍കുന്നുവെന്നും കോടിയേരി

ചാലക്കയം: സൈന്യത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പ്രസംഗത്തെ ചില മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന അഫ്‌സ്പ നിയമം നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ പട്ടാളക്കാര്‍ വ്യാപകമായ അക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് താന്‍ പറഞ്ഞത്.

ഇത് പ്രസംഗം കേട്ടവര്‍ക്ക് മനസ്സിലാകും. ചില മാധ്യമങ്ങള്‍ അത് ശരിയായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സൈന്യത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല. അഫ്‌സ്പാ നിയമം ജനങ്ങളുടെ അവകാശങ്ങളുടെ മേലുള്ള വെല്ലുവിളിയാണ്.

നിയമത്തെ ചോദ്യം ചെയ്യാനുള്ള സാധ്യത പരിശോധിക്കും. അഫ്‌സ്പ ചുമത്തിയെടുത്തൊന്നും സമാധാനമില്ലെന്നും കോടിയേരി പറഞ്ഞു.ബ്രിട്ടീഷുകാര്‍ 1942 ല്‍ ക്വിറ്റ് ഇന്ത്യാ സമരക്കാര്‍ക്കെതിരെ നടപ്പാക്കിയ നിയമമാണിത്. ഇന്ത്യയില്‍ 1958ല്‍ നാഗാകലാപകാരികള്‍ക്കെതിരെ ഈ നിയമം പ്രയോഗിച്ചു.1990 മുതല്‍ ജമ്മു-കശ്മീരില്‍ നടപ്പാക്കി.

നടപ്പാക്കിയ സ്ഥലങ്ങളിലെല്ലാം ജനം പട്ടാളവുമായി ഏറ്റുമുട്ടി. മണിപ്പൂരില്‍ ഇറോം ശര്‍മിളയുടെ പോരാട്ടവും പട്ടാളനിയമത്തിനെതിരായി ആയിരുന്നു. പട്ടാളം എന്നു കേട്ടപ്പോള്‍ പട്ടാളക്കാര്‍ക്കെതിരെ പറഞ്ഞെന്ന ബിജെപി- ആര്‍എസ്എസ് പ്രചാരണം അസംബന്ധമാണ്. ബിജെപിയുടെ പ്രചാരണരീതിയാണിതിതെന്നും കോടിയേരി ഇന്നലെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here