പ്രഥമ ഒഎന്‍വി ദേശീയ സാഹിത്യ പുരസ്‌കാരം സുഗതകുമാരിക്ക് സമ്മാനിച്ചു

പ്രഥമ ഒഎന്‍വി ദേശീയ സാഹിത്യ പുരസ്‌കാരം കവയത്രി സുഗതകുമാരിക്ക് സമ്മാനിച്ചു. യുവ സാഹിത്യ പുരസ്‌കാരം ആര്യ ഗോപിയും സുമേഷ് കൃഷ്ണനും ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് ടാഗോര്‍ തീയറ്ററില്‍ നടന്ന ലളിതവും പ്രൗഡവുമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരം സമ്മാനിച്ചത്.

ഒഎന്‍വിയുടെ ജന്മദിനമാണ് പുരസ്‌കാര ദാനത്തിനായി തെരഞ്ഞെടുത്തത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. യുവ സാഹിത്യ പുരസ്‌കാരങ്ങള്‍ ആര്യ ഗോപിയും സുമേഷ് കൃഷ്ണനും ഏറ്റുവാങ്ങി. അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ആര്യ ഗോപിയുടെ അവസാനത്തെ മനുഷ്യന്‍, സുമേഷ് കൃഷ്ണന്റെ രുദ്രാക്ഷരം എന്നീ കവിതാ സമാഹാരങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

തൊഴിലാളി വര്‍ഗ്ഗ പാതയില്‍ അരുണദശകം സൃഷ്ടിച്ച കവിയാണ് ഒഎന്‍വിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒഎന്‍വി നന്മകളെ സ്വാംശീകരിച്ച് സുന്ദരധാരകളാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വഴികാട്ടിയും മാര്‍ഗ്ഗദര്‍ശിയുമായിരുന്നു ഒഎന്‍വിയെന്ന് സുഗതകുമാരി അനുസ്മരിച്ചു. എം ലീലാവതി, സി രാധാകൃഷ്ണന്‍, പ്രഭാവര്‍മ്മ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. ഇടവിട്ട വര്‍ഷങ്ങളില്‍ മലയാളത്തിനും ഇതര ഇന്ത്യന്‍ ഭാഷകള്‍ക്കുമാണ് ഒഎന്‍വി ദേശീയ സാഹിത്യ പുരസ്‌കാരം നല്‍കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here