കയ്യടിച്ച് സ്വീകരിക്കാം സാറയെ; ആദ്യ ട്രാന്‍സ്ജന്‍ഡര്‍ ടെക്കി; കൊച്ചിമെട്രോയ്ക്ക് ശേഷം കേരളത്തിന് അഭിമാന നേട്ടം

തിരുവനന്തപുരം: താന്‍ ഭിന്നലിംഗക്കാരിയാണെന്ന് വെളിപ്പടുത്തി അബുദാബിയിലെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ എത്തുമ്പോള്‍ സാറ ഒരു ദൃഢനിശ്ചയം എടുത്തിരുന്നു, ജീവിതത്തിലെ ഒരു വെല്ലുവിളിയും തന്നെ തളര്‍ത്തില്ല എന്ന്. കേരളത്തിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി നേടിയ ആദ്യ ഭിന്നലിംക്കാരിയായി സാറ മാറിയത് ഈ ദൃഢനിശ്ചയത്തിന്റെ ഫലമായിരുന്നു.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ യുഎസ്ടി ഗ്ലോബല്‍ എന്ന മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിനേടിയാണ് സാറ അഭിമാനനേട്ടം കരസ്ഥമാക്കിയത്. കേരളത്തിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി നേടിയ ആദ്യ ഭിന്നലിംക്കാരിയെന്ന ഖ്യാതിയും ഇനി സാറയക്ക് സ്വന്തം. ഇത് കേരളത്തിനും ചരിത്രനേട്ടമാണ്.

2016 ലാണ് അബുദാബിയിലെ ജോലി നഷ്ടപ്പെടുന്നത്. നിരവധി സ്ഥാപനങ്ങളില്‍ ജോലിക്ക് ശ്രമിച്ചെങ്കിലും ഭിന്നലിംഗക്കാരിയായതിനാല്‍ ആരും ജോലി നല്‍കാന്‍ തയ്യാറായില്ല. എന്നാല്‍ മതിയായ യോഗ്യതകളുള്ള സാറയ്ക്ക് ടെക്‌നോപാര്‍ക്കിലെ യുഎസ്ടി ഗ്ലോബല്‍ എന്ന മള്‍ട്ടിനാഷണല്‍ കമ്പനി ജോലി നല്‍കാന്‍ തയ്യാറായി.

കൂടെ ജോലി ചെയ്യുന്നവര്‍ തന്നെ അംഗീകരിക്കുമോ എന്ന പേടിയോടെയാണ് സാറ ആദ്യ ദിവസം ജോലിസ്ഥലത്തേക്ക് നടന്നുകയറിയത്. എന്നാല്‍, സഹപ്രവര്‍ത്തകരുടെ സ്‌നേഹോഷ്മളമായ സ്വീകരണങ്ങള്‍ക്ക് മുന്നില്‍ സാറയുടെ മുന്‍വിധികളെല്ലാം പൊളിച്ചഴുതപ്പെട്ടു. സ്ത്രീകളുടെ വാഷ്‌റൂമും ടോയ്‌ലറ്റും ഉപയോഗിക്കാന്‍ സാറയ്ക്ക് കമ്പനി അനുമതി നല്‍കിയതും എടുത്തു പറയേണ്ടതാണ്.

തന്റെ വ്യക്തിത്വം മറച്ചുവച്ചാണ് സാറയ്ക്ക് പല സ്ഥലങ്ങളിലും ജോലി ചെയ്യേണ്ടി വന്നത്. സ്‌കൂളിലും കോളേജിലും ജോലിസ്ഥലങ്ങളിലും ആണായാണ് നിലനിന്നത്. എന്നാല്‍ ഒരു ഭിന്നലിംഗക്കാരിയാണെന്ന് മനസ്സിലാക്കിയ പലരും സാറയെ കളിയാക്കാനും ഒറ്റപ്പെടുത്താനും ശ്രമിച്ചു. മാനസികമായും ശാരീരികമായും നിരവധി ബുദ്ധിമുട്ടുകളാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടുംബത്തില്‍ നിന്നുപോലും സാറ ഒറ്റപ്പെട്ടു. അപ്പോഴെല്ലാം സാറയ്ക്ക് ധൈര്യം പകരാനും പിന്തുണ നല്‍കാനും സമൂഹത്തില്‍ സാറയെപ്പോലെ മാറ്റിനിര്‍ത്തപ്പട്ട ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു.

എന്നാല്‍ സാംസ്‌കാരിക കേരളം ഭിന്നലിംഗക്കാര്‍ക്ക് വലിയ പരിഗണനയാണ് നല്‍കുന്നത്.ആ തണലില്‍ ഇന്ന് സാറയും സമാധാനത്തോടെ അന്തിയുറങ്ങുന്നു.ഇവിടെ സാറ വളരെയധികം സന്തോഷവതിയാണ്. ഭിന്നലിംഗക്കാരെ കേരളം അംഗീകരിക്കുന്നു എന്നതിന് വലിയോരു ഉദാഹരണമാണ് സാറയ്ക്ക് ലഭിച്ച ജോലി. വിവിധ മേഖലകളില്‍ ഭിന്നലിംഗക്കാര്‍ കടന്നു വരുന്നുണ്ട്. കൊച്ചിമെട്രോയ്ക്ക് ശേഷം കേരളത്തിന് അഭിമാനിക്കാവുന്ന മറ്റൊരു നേട്ടമാണ് സാറയ്ക്ക് ലഭിച്ച ജോലി.

കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിഎസ്സി ബോട്ടണി ബിരുദദാരിയാണ് സാറ. ചെന്നൈയിലും അബുദാബിയിലും ജോലിചെയ്തിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മുഖ്യധാരയിലേക്ക് ഭിന്നലിംഗക്കാര്‍ എത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സാറ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News