കശാപ്പു നിരോധനത്തില്‍ കേന്ദ്രത്തിനെതിരെ കേരളം നിയമയുദ്ധത്തിനൊരുങ്ങുന്നു; ഹൈക്കോടതിയെ സമീപിക്കും; സര്‍വകക്ഷി യോഗം വിളിച്ചേക്കും

തിരുവനന്തപുരം:കശാപ്പു നിരോധിച്ച വിഷയത്തില്‍ കേന്ദ്രത്തിനെതിരെ നിയമയുദ്ധത്തിന് ഒരുങ്ങി സംസ്ഥാനം. കേന്ദ്ര നിയമം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കും. നിയമ നിര്‍മ്മാണം വഴി പ്രതിസന്ധി മറികടക്കുന്ന കാര്യവും സംസ്ഥാനം ആലോചിക്കുന്നു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സര്‍വകക്ഷി യോഗം വിളിക്കുന്ന കാര്യം തീരുമാനിക്കുമെന്നും മന്ത്രി കെ രാജു പറഞ്ഞു.

കന്നുകാലികളുടെ വിപണനവും കശാപ്പും നിരോധിച്ചത് ക്ഷീരമേഖലയിലും മൃഗസംരക്ഷണ മേഖലയിലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. ലക്ഷക്കണക്കിന് ക്ഷീരകര്‍ഷകരുടെ കന്നുകാലികളെ വില്‍ക്കുന്നതിനും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനും പ്രതിബന്ധം സൃഷ്ടിക്കും. ഇതിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണ് മൃഗസംരക്ഷണം. അധികാരത്തില്‍ കടന്നുകയറി നടത്തിയ നിയമ നിര്‍മ്മാണത്തില്‍ പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിക്കും. നിയമം പിന്‍വലിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും. കേന്ദ്രം നടത്തിയ നിയമ നിര്‍മ്മാണം നിലനില്‍ക്കുന്നതല്ല. തൊഴിലെടുക്കാനും ഭക്ഷണം കഴിക്കാനുമുള്ള അവകാശത്തെ നിഷേധിക്കുന്നതാണ് കേന്ദ്ര നിയമം. നിയമത്തെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.

തുടര്‍ നടപടികളില്‍ തീരുമാനമെടുക്കാന്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നും മന്ത്രി പറഞ്ഞു. സര്‍വകക്ഷി യോഗം വിളിക്കുന്ന കാര്യം ആലോചിക്കും. ആവശ്യമെങ്കില്‍ അഭിപ്രായ സമന്വയത്തിന് ശേഷം നിയമ നിര്‍മ്മാണം പരിഗണിക്കും. കേന്ദ്ര നിലപാടിനെതിരെ ജനകീയ പ്രതിഷേധം ശക്തമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കെ രാജു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News