സംഘ്പരിവാറേ, കശാപ്പ് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ആറു ചോദ്യങ്ങള്‍; മറുപടി തരാനുള്ള യോഗ്യത ഇല്ലെന്നറിയാം, എങ്കിലും

രാജ്യം ഭരിക്കുന്ന ഭരണകൂടത്തിന്റെ മൃഗസംരക്ഷണ താല്പര്യം ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ഈ അവസരത്തില്‍, ചിലപ്പോള്‍ ഒറ്റപ്പെട്ടു പോയേക്കാവുന്നതെങ്കിലും ഭൂരിപക്ഷ മലയാളികളും പ്രതിക്ഷേധത്തിന്റെ ചൂട്ട് തെളിക്കുന്നുണ്ട്…

അപ്പോഴും, പശു അമ്മയ്ക്ക് തുല്യമെന്ന് അശേഷം ലജ്ജയില്ലാതെ പറയാന്‍ കഴിയുന്ന തീവ്രഹിന്ദുത്വവാദികളും വൃത്തിയുള്ള ചുറ്റുപാടില്‍ ഇറച്ചി വില്‍ക്കണം എന്നേ പറയുന്നുള്ളൂ എന്നു ന്യായീകരിക്കുന്ന മോദി പ്രഭാവത്തില്‍ നില്‍ക്കുന്ന വ്യവസായോന്മുഖ തീവ്ര ഹിന്ദുത്വവാദികളും ആ പ്രതിഷേധങ്ങളെ തളയ്ക്കാന്‍ ശ്രമിക്കുകയാണ്.

ഒപ്പം, എവിടെയും കണ്ണുമടച്ച് കമ്യൂണിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടികളെയും അതിന്റെ പോഷക സംഘടനകളെയും എതിര്‍ക്കുക മാത്രമെന്ന് സത്യം ചെയ്തിട്ടുള്ള, അമാനവരുടെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം ഓര്‍മ്മ വരാറുള്ള പട്ടിണി ജീവിതങ്ങളെ കവചമാക്കിയുള്ള പരിഹാസങ്ങള്‍. അങ്ങനെ പല വിധം പരിഹാസങ്ങളും ഈ പ്രതിഷേധങ്ങളെ തളയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. അപ്പോഴും മറന്നു പോവരുതാത്ത ചില മൃഗസ്‌നേഹ വിഷയങ്ങള്‍ ഓര്‍ത്തു പോകുന്നു. മനുഷ്യനും മൃഗഗണത്തില്‍ പെടുന്ന ഒരു ജീവിയായതു കൊണ്ട് മനുഷ്യരെയും ഓര്‍മ്മിക്കാതെ തരമില്ല.

1. അമ്മയുടെ പാല് കുടിക്കുന്ന പോലെ പശുവിന്റെ പാല് കുടിക്കുന്ന നിഷ്‌കളങ്കര്‍ ചിലപ്പോള്‍ ‘ഓക്‌സിടോസിന്‍’ എന്ന ഇന്‍ജക്ഷനെ കുറിച്ച് കേട്ടിട്ടുണ്ടാകും. പശു സംരക്ഷണത്തിന്റെ സാംസ്‌ക്കാരിക പാരമ്പര്യം പേറുന്ന ഉത്തരേന്ത്യന്‍ യാദവരുടെ വീട്ടില്‍ മുതല്‍ പശുവിനെ പാലിന് വേണ്ടി വളര്‍ത്തുന്ന (കെട്ടിയിടില്ല, ദൈവമല്ലേ. പക്ഷെ വഴിയേ അലഞ്ഞു തിരിഞ്ഞു നടന്ന് ഭക്ഷ്യാവശിഷ്ടങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും തിന്ന് ചത്തുപോകുന്നതില്‍ വിരോധം ഇല്ല) ഒട്ടുമിക്ക നോര്‍ത്ത് ഇന്ത്യന്‍ പശു കര്‍ഷകരോടും അന്വേഷിച്ചാല്‍ അറിയാന്‍ സാധിക്കും. പശുവിനെ കറക്കുന്നതിനു മുന്‍പ് നിര്‍ദാക്ഷിണ്യമായി ഈ ഇന്‍ജക്ഷന്‍ എടുക്കും. അതോടെ പശുവിന് അതിന്റെ കുട്ടിക്കുവേണ്ടി പോലും പാല്‍ പിടിച്ചു നിര്‍ത്താന്‍ കഴിയാതെ മുഴുവനും ചുരത്തേണ്ടതായി വരും. സ്ത്രീകളില്‍, പ്രസവസമയത്ത് പ്രസവം ബുദ്ധിമുട്ട് ഇല്ലാതെയാക്കാന്‍ പ്രത്യേക സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന ഈ മരുന്ന് ഈ നാല്‍ക്കലിയില്‍ നിരന്തരം ഉപയോഗിക്കുന്നത് തടഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ആരും പാലിക്കുന്നില്ല, ആര്‍ക്കും എതിര്‍പ്പും ഇല്ല.

2. ഇപ്പോള്‍ തന്നെ പൊതുവഴിയില്‍ അലഞ്ഞു തിരിഞ്ഞു ഗതാഗതതടസവും അപകടങ്ങളും സൃഷ്ടിക്കുന്ന, ഉടമ ഉപേക്ഷിച്ച പശുക്കള്‍ കൊടുംചൂടും വിശപ്പും സഹിച്ചു വഴിയരികിലും മറ്റും ചത്തു വീഴുന്നു. നിങ്ങള്‍ക്ക് എന്തുകൊണ്ട് വിഷമം ഉണ്ടാകുന്നില്ല, പരിഹാരം തേടുന്നില്ല?

3. ചെന്നൈ, കാണ്‍പൂര്‍ തുടങ്ങിയെ ലെതര്‍ വ്യവസായത്തില്‍ ഊന്നിയുള്ള സാമ്പത്തിക ഘടനയുള്ള സംസ്ഥാനങ്ങളിലെ ലെതര്‍ ഉല്പാദന കേന്ദ്രങ്ങളിലെ ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികള്‍ എന്തുചെയ്യണം? ( കശാപ്പ് നിരോധിച്ചിട്ടില്ല, വില്പനയാണ് നിരോധിച്ചത് എന്ന ഇന്നലെ മുതല്‍ കേള്‍ക്കുന്ന ന്യായം കേള്‍ക്കുമ്പോള്‍, ‘നിങ്ങളെ കൊല്ലും എന്നല്ല പറഞ്ഞത്, ജീവിക്കാന്‍ അനുവാദമില്ല എന്നാണ് പറഞ്ഞത്’ എന്ന് പറയുന്നതു പോലെയാണ് തോന്നുന്നത്.

4. അധിക വരുമാനമോ ബാങ്ക് നീക്കിയിരിപ്പോ ഇല്ലാത്ത പലരും ‘കൂട്ടില്‍ നിന്ന പശുവിനെ വിറ്റു, അങ്ങനെ ആണ് ആശുപത്രി ബില്‍ അടച്ചത്, ഫീസ് അടച്ചത് ‘ എന്നൊക്കെ പറയുന്നതിന് പലതവണ സാക്ഷിയായിട്ടുണ്ട്. അത്തരക്കാര്‍ നിങ്ങള്‍ പറയുന്ന വളര്‍ത്താന്‍ കൊടുക്കുന്നു എന്ന് തെളിയിക്കുന്ന അഫിഡവിറ്റ് എവിടെ പോയി സംഘടിപ്പിക്കും? അതേസമയം വാങ്ങാനുള്ള അഫിഡവിറ്റുമായി മറ്റൊരു കര്‍ഷകന്‍ തയ്യാറായില്ല എങ്കില്‍ അയാള്‍ക്ക് ചിലപ്പോള്‍ അറക്കാന്‍ കൊടുക്കേണ്ടി വന്നാല്‍ അയാള്‍ ശിക്ഷിക്കപ്പെടില്ലേ?

5. കാലിച്ചന്തയില്‍ നിന്നും ആറു മാസം മുന്‍പ് വാങ്ങിയ കാലിയെ കര്‍ഷകന് ഇടനിലക്കാര്‍ ഇല്ലാതെ നേരിട്ട് അംഗീകൃത അറവ് ശാലയില്‍ കൊടുക്കാം എന്ന ന്യായീകരണം കേട്ടു. എങ്കില്‍ എല്ലാ സംസ്ഥാനത്തും ആവശ്യത്തിനു അംഗീകൃത കേന്ദ്രങ്ങള്‍ ഉണ്ടോ? (പുതിയ ലൈസന്‍സ് കൊടുക്കാത്ത യു പി ഗവണ്‍മെന്റ് ഇത് നടപ്പിലാക്കും എന്ന് വിശ്വസിക്കണോ?)

6. വൃത്തിഹീനമായ മത്സ്യചന്തകള്‍ നവീകരിക്കാന്‍ ശ്രമിക്കുമോ അതോ അവയും നിരോധിക്കുമോ? ആട്ടിറച്ചിയും കോഴിയിറച്ചിയും എന്നു തുടങ്ങി പട്ടി ഇറച്ചി വരെ വൃത്തിഹീനമായ സാഹചര്യത്തിലും വിളംബട്ടെ എന്ന് എന്ത് കൊണ്ടാണ് ഈ സര്‍ക്കാര്‍ കണ്ണ് അടക്കുന്നത്? അവ ഭക്ഷിക്കുന്നവര്‍ക്ക്, രോഗം പിടിപെടാത്തതും സ്റ്റിറോയിഡുകള്‍ കുത്തി വയ്ക്കാത്തതും ആയ മൃഗങ്ങളുടെയും പക്ഷികളുടെയും ഇറച്ചി ഭക്ഷിക്കാന്‍ അര്‍ഹതയില്ലേ?

മുടന്തന്‍ ന്യായങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും അപ്പുറം മുകളില്‍ പറഞ്ഞ ഒരാള്‍ക്കും മറുപടി തരാനുള്ള യോഗ്യത ഇല്ലെന്നറിയാം. എങ്കിലും, ചോദിച്ചു കൊണ്ടേയിരിക്കേണ്ടത് അനിവാര്യതയായിരിക്കുന്നു.

കേരളത്തിലുള്ളവര്‍ കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവരാണെന്ന് പരിഹസിക്കുന്നവരോട് ഒരു ചോദ്യം കൂടി, നിങ്ങള്‍ ഇനി എന്നാണ് മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവരെ കൂടി മനുഷ്യര്‍ ആയി കാണാന്‍ തുടങ്ങുക?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here