പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം പുതിയ സമരങ്ങള്‍ക്ക് ശക്തിപകരും:എ കെ ബാലന്‍

ആധുനിക കേരളത്തിന് വെളിച്ചമേകിയ പന്തിഭോജനം നടന്നിട്ട് ഇന്ന് നൂറ് വര്‍ഷം പൂര്‍ത്തിയാകുന്നു. പുതിയകാലത്ത് എന്തുകൊണ്ടും അനുസ്മരിക്കേണ്ട ഒരു ദിനമാണിന്ന്.

മൃഗങ്ങളെക്കാള്‍ താഴ്ന്ന നിലവാരത്തില്‍ സവര്‍ണ്ണ സമൂഹം ജാതിയില്‍ കുറഞ്ഞ മറ്റു മനുഷ്യരെ കണ്ടിരുന്ന കാലത്ത് മനുഷ്യര്‍ ഒന്നാണെന്നും അവര്‍ തമ്മില്‍ ഏതുജാതിയില്‍ പെട്ടതായാലും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചാല്‍ ഒരു ചുക്കും സംഭവിക്കില്ല എന്നും കാണിക്കാന്‍ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ 1917 മെയ് 29 നാണ് ചെറായില്‍ പല ജാതിയില്‍പ്പെട്ടവരെ ഒന്നിച്ചിരുത്തി ചരിത്രം തിരുത്തിയ പന്തിഭോജനം നടന്നത്.

നൂറ് വര്‍ഷത്തിനിപ്പുറം നമ്മുടെ രാജ്യത്ത് ഇപ്പോഴും ജാതീയ അയിത്തങ്ങള്‍ നിലനില്‍ക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന അവസ്ഥയാണ്. ഒരുമിച്ചിരുന്ന് മടികൂടാതെ ഭക്ഷണം കഴിക്കാന്‍ മലയാളി ശീലിച്ച പന്തിഭോജനം പുതിയകാലത്ത് എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നു എന്ന് നാം മനസിലാക്കണം. നൂറ് വര്‍ഷം കഴിയുമ്പോള്‍ മലയാളി പിറകോട്ടാണ് പോകുന്നതെന്ന് ആശങ്കയുണ്ടാകുന്നു. പന്തിഭോജനങ്ങള്‍ ഉണ്ടാകേണ്ട കാലമാണിത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും സജീവമാവുകയാണ്. കച്ചവട സംസ്‌കാരമാണ് ഇന്ന് ഇതെല്ലാം നിയന്ത്രിക്കുന്നത്. ഇതിനിടയിലൂടെയാണ് ഫാസിസത്തിന്റെ കടന്നുവരവും നാം കാണുന്നത്.

നൂറ് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നാം എന്ത് കഴിക്കണം, എങ്ങനെ കഴിക്കണം എന്നൊക്കെ ആരൊക്കെയോ ഭരണകേന്ദ്രത്തിലിരുന്ന് തീരുമാനിക്കുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. എന്റെ ഭക്ഷണം എന്റെ അവകാശമാണ് എന്ന പ്രഖ്യാപനവുമായി നാടെങ്ങും മറ്റൊരു പന്തിഭോജനം നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം പുതിയകാലത്തിന്റെ സമരപോരാട്ടങ്ങള്‍ക്ക് കരുത്തേകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News