എന്താണ് ലൈഫ്; കേരള സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

സാമൂഹ്യവികസന മാനദണ്ഡങ്ങളിലെല്ലാം കേരളം വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും അഞ്ച് ലക്ഷത്തോളം കുടുംബങ്ങള്‍ ഇന്നും ഭവന രഹിതരായി നമ്മുടെ സംസ്ഥാനത്തുണ്ട്. വിവിധ ഭവന പദ്ധതികളുടെ ഭാഗമായി പണി തുടങ്ങി പൂര്‍ത്തീകരിക്കാതെ കിടക്കുന്ന ആയിരക്കണക്കിന് വീടുകളുമുണ്ട്. വീടില്ലാത്തവരില്‍ പകുതിയോളം പേരെങ്കിലും ഭൂമിയില്ലാത്തവര്‍ കൂടിയാണ്. പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായി സമഗ്രമായി ഈ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ ഭവന രഹിതര്‍ക്കും, ഭൂരഹിതര്‍ക്കും, സുരക്ഷിതവും, മാന്യവുമായ വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ ഈ സര്‍ക്കാര്‍ വിഭാവന ചെയ്തിട്ടുള്ള പദ്ധതിയാണ് ലൈഫ്. സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് വീട് വെയ്ക്കുന്നതിനും നിര്‍മ്മാണം അപൂര്‍ണമായ വീടുകളുടെ പൂര്‍ത്തീകരണത്തിനും ഈ പദ്ധതിയിലൂടെ സഹായം ലഭിക്കും. അതോടൊപ്പം ഭൂരഹിതരും ഭവന രഹിതരുമായ കുടുംബങ്ങള്‍ക്ക് ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിച്ച് നല്‍കും. മെച്ചപ്പെട്ട ഭവനത്തോടൊപ്പം ഉപജീവനമാര്‍ഗ്ഗവും ഉറപ്പുവരുത്തുന്നതാണ് ഈ പദ്ധതി. പുറമ്പോക്ക്, തീരദേശതോട്ടം മേഖലകളില്‍ ഷെഡ് കെട്ടി കഴിയുന്നവര്‍ തുടങ്ങി സ്വന്തമായി വീടോ, ഭൂമിയോ ഇല്ലാത്ത എല്ലാവരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

ലൈഫ് മിഷന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം നടന്നു. ചിറ്റൂര്‍തത്തമംഗലം നഗരസഭയിലെ 50 സെന്റ് സ്ഥലത്താണ് ജില്ലയിലെ ആദ്യത്തെ പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലും പാര്‍പ്പിട സമുച്ചയങ്ങള്‍ക്കായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് എല്ലാ ജില്ലകളിലും ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം ഈ മാസം ആരംഭിക്കുകയാണ്. 15.16 ഏക്കര്‍ ഭൂമി ഒന്നാംഘട്ടമായി സംസ്ഥാനത്തുടനീളം കണ്ടെത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുടെ കൈവശമുള്ള ഭൂമിയിലാണ് ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ സ്ഥലങ്ങളില്‍ ജലം, വൈദ്യുതി, റോഡ് എന്നിവയും ലഭ്യമാക്കും.

നിശ്ചയിക്കപ്പെട്ട ഗുണഭോക്താക്കളില്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍, അന്ധര്‍, ശാരീരിക തളര്‍ച്ച സംഭവിച്ചവര്‍, അഗതികള്‍, അംഗവൈകല്യം ഉള്ളവര്‍, ഭിന്നലിംഗക്കാര്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍, അവിവാഹിതരായ അമ്മമാര്‍, അപകടത്തില്‍പ്പെട്ട് ജോലിയും വരുമാനവും നഷ്ടപ്പെട്ടവര്‍, വിധവകള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുക. കുടുംബശ്രീ മുഖേന ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സര്‍വെ ഇപ്പോള്‍ സംസ്ഥാനത്തുടനീളം നടന്നുകൊണ്ടിരിക്കുകയാണ്. പത്തനംതിട്ട ജില്ലയില്‍ സര്‍വ്വെ പൂര്‍ത്തിയായി. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഉടനെ പ്രസിദ്ധീകരിക്കും.

പദ്ധതി പ്രവര്‍ത്തനത്തിന് ആവശ്യമായ 16,520 കേടി രൂപ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയായി സ്വീകരിക്കും. കൂടാതെ വിവിധ സന്നദ്ധ സംഘടനകളുടെയും ഏജന്‍സികളുടെയും മറ്റ് സംഘടനകളുടെയും എല്ലാവിധ സഹായവും ലഭ്യമാക്കും. അടുത്ത ഒരു വര്‍ഷം ഒരു ലക്ഷം കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 350 മുതല്‍ 600 ചതുരശ്ര അടിവരെയാണ് ഈ പദ്ധതി പ്രകാരം ഒരു വീടിന് അനുവദിച്ചിട്ടുള്ള വിസ്തീര്‍ണം.

മെച്ചപ്പെട്ട ഭവനത്തോടൊപ്പം ഉപജീവന മാര്‍ഗ്ഗവും ഭവന സമുച്ചയങ്ങളില്‍ ഉറപ്പുവരുത്തും. അംഗന്‍വാടി, സ്‌കൂള്‍ വിദ്യാഭ്യാസം, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം, കൗമാരക്കാരായ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ്, നൈപുണ്യ വികസന പരിശീലനം, ഉന്നത വിദ്യാഭ്യാസ തയ്യാറെടുപ്പിനുള്ള പരിശീലനങ്ങള്‍, സ്വയംതൊഴില്‍ പരിശീലനം, ആരോഗ്യപരിരക്ഷ, വിവാഹധനസഹായം, ശിശുസംരക്ഷണവയോജന പരിപാലന സൗകര്യങ്ങള്‍, പാലിയേറ്റീവ് കെയര്‍, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തുടങ്ങി എല്ലാ സേവനങ്ങളും ഇവിടങ്ങളില്‍ ലഭ്യമാക്കും.


മറ്റ് ഫഌറ്റ് സമുച്ചയങ്ങളില്‍ ഉള്ളതുപോലെ വെള്ളം, വൈദ്യുതി, ശുചിത്വ സൗകര്യങ്ങള്‍, പാചക ഇന്ധനം, സുരക്ഷ എന്നിവ ഉറപ്പുവരുത്തും. വീട് അനുവദിക്കുന്നവര്‍ക്ക് വാടകയ്ക്ക് നല്‍കാനോ, കൈമാറ്റം ചെയ്യാനോ അവകാശം ഉണ്ടായിരിക്കില്ല. എന്നാല്‍ പിന്തുടര്‍ച്ച അവകാശം നല്‍കും. സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക മുടക്കം കൂടാതെ തിരിച്ചടയ്ക്കുന്നവര്‍ക്ക് 1520 വര്‍ഷത്തിന് ശേഷം ഫഌറ്റ് സ്വന്തമാക്കാവുന്നതാണ്. കെട്ടിട നിര്‍മ്മാണത്തില്‍ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് എഞ്ചിനീയറിംഗ് കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, മറ്റ് സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയെ ടെക്‌നിക്കല്‍ ഏജന്‍സികളായി നിശ്ചയിച്ച് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചുമതല നല്‍കുന്നതാണ്.

ഓരോ വീടിന്റെയും നിര്‍മ്മാണ പുരോഗതി വിലയിരുത്താനും നിരീക്ഷിക്കാനും ഐടി അധിഷ്ഠിത മോണിറ്ററിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍മ്മാണ നടപടിയിലും പദ്ധതി നിര്‍വ്വഹണത്തിലും സുതാര്യതയും ഉത്തരവാദിത്വവും പ്രതിബന്ധതയും ഉറപ്പുവരുത്തും.
ലോകത്തിന് തന്നെ മാതൃകയായ ഒരു സമഗ്ര ഭവന പദ്ധതിയായി ലൈഫ് മാറും. ഇതിന് ജനങ്ങളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും, വ്യക്തികളുടെയും, സഹകരണ സ്ഥാപനങ്ങളുടെയും, അടക്കം സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും സഹായവും സഹകരണവും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News