കൊച്ചി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടം നടപ്പാക്കിയ 50 ദിനം 100 കുളം പദ്ധതിയുടെ ഭാഗമായി പന്നിക്കുഴ ചിറ ശുചീകരിക്കുന്നതോടെ ജില്ലയിലെ 151 കുളങ്ങളിലാണ് തെളിനീരൊഴുകുക. അറുപതു ദിവസത്തിനുള്ളിലാണ് ഇത്രയും കുളങ്ങള്‍ വൃത്തിയാക്കിയത്.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ സിഎസ്ആര്‍ ഫണ്ടിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി മാര്‍ച്ച് 22 ജലദിനത്തിലാണ് തുടക്കം കുറിച്ചത്. 50 ദിവസത്തിനുള്ളില്‍ 100 കുളങ്ങള്‍ വൃത്തിയാക്കുക എന്ന ലക്ഷ്യം 43 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയെങ്കിലും പദ്ധതിക്ക് ലഭിച്ച പൊതുജന പങ്കാളിത്തവും പിന്തുണയും കണക്കിലെടുത്ത് മെയ് 30 വരെ പദ്ധതി ദീര്‍ഘിപ്പിക്കുകയും കൂടുതല്‍ കുളങ്ങള്‍ ശുചീകരിക്കാന്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള തീരുമാനിക്കുകയായിരുന്നു.

കുടിവെള്ള വിതരണത്തിനും ജലസേചനത്തിനും കൃഷിക്കും ഉതകുന്ന പുതിയ ജല ഉപഭോഗ സംസ്‌കാരം രൂപപ്പെടുത്തുന്നതിനായി ജില്ലയിലെ ജലസ്രോതസുകളുടെ സംരക്ഷണവും പുനരുദ്ധാരണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
വന്‍ജനപങ്കാളിത്തത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ജനപ്രതിനിധികള്‍, പ്രാദേശിക വൊളന്റിയര്‍മാര്‍, അന്‍പൊട് കൊച്ചി കുടുംബശ്രീ, തൊഴിലുറപ്പ്, നെഹ്‌റു യുവകേന്ദ്ര പ്രവര്‍ത്തകര്‍, ശുചിത്വമിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം നടത്തുന്നത്. വിവിധ സ്‌കൂളുകളിലെയും കോളേജുകളിലെയും എന്‍എസ്എസ് വോളണ്ടിയര്‍മാരും ശുചീകരണയജ്ഞത്തില്‍ സജീവപങ്കാളികളായി.
ജില്ലയിലെ 13 ഗ്രാമപഞ്ചായത്തുകളും ആലുവ മുനിസിപ്പാലിറ്റിയുമൊഴികെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെയും ജലസംഭരണികള്‍ പദ്ധതിയിലുള്‍പ്പെടുത്തി ശുചീകരിച്ചിട്ടുണ്ട്. ഈ പഞ്ചായത്തുകളിലും ആലുവ നഗരസഭയിലും പദ്ധതിയിലുള്‍പ്പെടുത്തി ശുചീകരിക്കാവുന്ന കുളങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അവ ഒഴിവാക്കിയത്. ഒരേക്കറിലധികം വിസ്തൃതിയുള്ള 11 കുളങ്ങളാണ് വിവിധ പ്രദേശങ്ങളിലായി വൃത്തിയാക്കിയത്. അഞ്ചു സെന്റു മുതല്‍ 60 സെന്റു വരെ വിസ്തൃതിയുള്ള കുളങ്ങളായിരുന്നു പദ്ധതിയിലുള്‍പ്പെട്ടവ. വര്‍ഷങ്ങളായി ഉപയോഗിക്കാതിരുന്ന പല കുളങ്ങളും ശുചീകരണയജ്ഞത്തിനു ശേഷം പ്രദേശവാസികളുടെ ഒരു പ്രധാന ജലസ്രോതസ്സായി തീര്‍ന്നു.