യുപിഎ കാലത്തെ എയര്‍ ഇന്ത്യ അഴിമതി സിബിഐ അന്വേഷിക്കും; അന്വേഷണം എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനിടെ

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ കടബാധ്യതയുള്ള പൊതുമേഖല കമ്പനിയായി എയര്‍ ഇന്ത്യ മാറിയതിന് പിന്നാലെ യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഇടപാടുകള്‍ സിബിഐ അന്വേഷിക്കും. എയര്‍ ഇന്ത്യയുടെ ഭീമമായ നഷ്ടങ്ങള്‍ക്ക് കാരണമായ ഇടപാടുകള്‍ നടത്തിയ കാബിനറ്റ് മന്ത്രിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നേരെയും അന്വേഷണം ഉണ്ടാകും. എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനിടെയാണ് സിബിഐ അന്വേഷണം.

കടത്തില്‍ മൂക്ക്കുത്തിയ എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ വിപണി പങ്കാളിത്തം 15 ശതമാനത്തില്‍ താഴെ മാത്രമാണ്, വ്യോമയാന മേഖലയുടെ സിംഹഭാഗവും സ്വകാര്യ മേഖല കയ്യടക്കി. യുപിഎ സര്‍ക്കാരിന്റെ കാലത്തെ ചില ഇടപാടുകളാണ് എയര്‍ ഇന്ത്യയുടെ നഷ്ടം ഭീമമാകാന്‍ കാരണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ 2004നും 2008നും ഇടയില്‍ എയര്‍ ഇന്ത്യക്ക് വേണ്ടി നടത്തിയ എല്ലാ ഇടപാടുകളും സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത് അനുസരിച്ചാണ് 111 വിമാനങ്ങള്‍ വാങ്ങിയത് ഉള്‍പ്പടെ മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്തെ സുപ്രധാന ഇടപാടുകളില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയതിരിക്കുന്നത്.

വിമാനങ്ങള്‍ വാങ്ങിയതും വാടയകക്ക് എടുത്തതും റൂട്ടുകള്‍ മാറ്റിയതും എയര്‍ ഇന്ത്യക്ക് കോടികളുടെ നഷ്ടം വരുത്തിയെന്നാണ് ആരോപണം. വിവാദ ഇടപാടുകള്‍ നടത്തിയ ക്യാബിനറ്റ് മന്ത്രിമാര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നേരയും അന്വേഷണം ഉണ്ടാകും. നിലവില്‍ സര്‍ക്കാരില്‍ നിന്നും ബാങ്കുകളില്‍ നിന്നുമുള്ള എയര്‍ ഇന്ത്യ വായ്പ അമ്പതിനായിരം കോടി രൂപയക്ക് മുകളിലാണ്.

പലിശ അടയക്കാന്‍ മാത്രം 5000 കോടി രൂപ വേണം. ആകെ മൂല്യം 35000 കോടിയും. വായ്പ തിരിച്ചടവിന് എയര്‍ ഇന്ത്യക്ക് സാധിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനം. ഇതിന് എതിരെ ജീവനക്കാരുടെ വന്‍ പ്രതിഷേധം ഉയരുന്നതിന് ഇടയിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here