തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷമെത്തിയതായി കാലാവസ്ഥാ നിരീക്ഷ കേന്ദ്രം. തെക്കന്‍ കേരളത്തിലാണ് മഴ ശക്തിപ്പെട്ടിട്ടുള്ളത്. 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ കേരളത്തില്‍ മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായി കാറ്റ് വീശുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും നല്‍കി.

കാലവര്‍ഷത്തിന്റെ വരവറിയിച്ച് കഴിഞ്ഞ 2 ദിവസമായി സംസ്ഥാനത്ത് ശക്തമായി മഴ തുടര്‍ന്ന് വന്ന സാഹചര്യത്തിലാണ് തെക്ക് പടിഞ്ഞാറന്‍  കാലവര്‍ഷം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചത്. തെക്കല്‍ കേരളത്തില്‍ ശക്തമായ മഴ തുടരും. മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും കനത്ത മഴ രേഖപ്പെടുത്തിയപ്പോള്‍ വടക്കന്‍ജില്ലകളില്‍ മഴ ശക്തിപ്പെട്ട് വരുന്നതെയുള്ളു. 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ കേരളത്തിലും കാലവര്‍ഷം ശക്തിപ്പെടും. ജൂണ്‍ 2 വരെ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ സുദേവന്‍ അറിയിച്ചു.

7 മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴയാകും ലഭിക്കുക. കാലവര്‍ഷത്തിന്റെ വരവ് ശക്തമായതിനെതുടര്‍ന്ന് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 44 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടതോടെ വരള്‍ച്ചയില്‍ ബുദ്ധിമുട്ടിയിരുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി. മലയോരമേഖലയില്‍ മഴ കനത്തതോടെ സംഭരണികളിലേക്കുള്ള നീരൊഴുക്കും വര്‍ദ്ധിച്ചു.