ശാന്തിയ്ക്ക് കൈയ്യടിക്കാം; ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ ഗിന്നസ് റിക്കോര്‍ഡ് ഭേദിച്ചു

കൊല്ലം: കടയ്ക്കല്‍ ചായിക്കോട് പാറവിളപുത്തന്‍ വീട്ടില്‍ അനിത് സൂര്യയുടെ ഭാര്യ ശാന്തി സത്യന്‍ (28) ആണ് ഓര്‍മ്മശക്തി വിഭാഗത്തില്‍ ലോക റിക്കോര്‍ഡിട്ടത്. കടയ്ക്കല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയിലാണ് ലോക റെക്കോര്‍ഡ് ഭേദിച്ചത്.
ഒരു മിനിട്ടു സമയം കൊണ്ട് മുന്നില്‍ നിരത്തിവച്ചിരിക്കുന്ന വസ്തുക്കള്‍ ക്രമമായി ഓര്‍മ്മിക്കുകയും പിന്നീട് അതേ ക്രമത്തില്‍ തിരികെ അടുക്കി വക്കുകയും ചെയ്യുന്ന ”ലോംഗസ്റ്റ് സീക്വന്‍സ് ഓഫ് ഒബ്ജക്ട് മെമ്മറൈസ്ഡ് ഇന്‍ വണ്‍ മിനിട്ട്” എന്നയിനത്തില്‍ 2015 ല്‍ നേപ്പാള്‍ സ്വദേശിയായ അര്‍പ്പന്‍ ശര്‍മ്മ നേടിയ ഒരു മിനിട്ടില്‍ 42 ഒബ്ജക്ട് ഓര്‍മ്മിക്കുക എന്ന റെക്കോര്‍ഡിനെയാണ് ശാന്തി മറികടന്നത്.

മുന്നില്‍ വച്ച വസ്തുക്കളെ ഒരു മിനിട്ടു സമയം കൊണ്ട് ഓര്‍മ്മയില്‍ സൂക്ഷിക്കുകയും തുടര്‍ന്ന് ക്രമം തെറ്റിച്ചു വച്ച വസ്തുക്കളെ 15 മിനിട്ടിനുള്ളില്‍ പഴയ ക്രമത്തില്‍ അടുക്കി വയ്ക്കുകയും ചെയ്യുക എന്നതായിരുന്നു മത്സരം. എന്നാല്‍ ഒരു മിനിട്ടുനേരം കൊണ്ട് തന്റെ മുന്നിലുള്ള വസ്തുക്കളെ കണ്ട് ഓര്‍മ്മയില്‍ സൂക്ഷിച്ചശേഷം രണ്ടു മിനിട്ട് 57 സെക്കന്റ് സമയം കൊണ്ട് തിരികെ ക്രമപ്പെടുത്തിയാണ് ശാന്തി, അര്‍പ്പന്‍ ശര്‍മ്മയുടെ 42 ന്റെ റിക്കോര്‍ഡ് മറികടന്ന് 43 വസ്തുക്കള്‍ എന്ന റിക്കോര്‍ഡിട്ടത്.

തുടര്‍ന്ന് അതേ വേദിയില്‍ നടന്ന ശ്രമത്തില്‍ ഒരു മിനിട്ടുകൊണ്ട് ഓര്‍മ്മിക്കുകയും 2 മിനിട്ട് 34 സെക്കന്റു കൊണ്ട് 45 വസ്തുക്കളെ തിരികെ ക്രമപ്പെടുത്തുകയും ചെയ്ത് തന്റെ ആദ്യത്തെ നേട്ടം ശാന്തി മറികടന്നു. നിലവില്‍ ഈ വിഭാഗത്തില്‍ ശാന്തി സത്യന്‍ നേടിയ ഒരു മിനിട്ടില്‍ 45 എന്നത് ‘ പുതിയ ലോകറെക്കോര്‍ഡാകും.

വിജിലന്‍സ് ആന്റ് ഇന്‍സ്‌പെക്ഷനിലെ എക്‌സിക്യൂട്ടീവ് മജിസ്രേ്ടറ്റ് എന്‍.രാജേന്ദ്രന്‍ ആശാരി, ചടയമംഗലം ബേ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാദേവി, കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്.ബിജു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ സുനില്‍കുമാര്‍.ബി, കായിക അധ്യാപകനും, പരിശീലകനുമായ ബി. അന്‍സര്‍, എസ്.എസ്.ബിജു, തുടങ്ങിയ പാനലിന്റെ മുന്നില്‍ വച്ചുനടന്ന ശ്രമത്തിലാണ് ശാന്തി സത്യന്‍ ഈ നേട്ടം കൈവരിച്ചത്

മനശ്ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവിദ്യാര്‍ത്ഥിനിയായ ശാന്തിക്ക് മെമ്മറി പരിശീലകന്‍ കൂടിയായ ഭര്‍ത്താവ് അനിത് സൂര്യയാണ് പരിശീലനം നല്‍കുന്നത്. ഓര്‍മ്മശക്തിയുമായി ബന്ധപ്പെട്ട മറ്റിനങ്ങളിലും ശാന്തി പരിശീലനം നടത്തുന്നുണ്ട്. നിലവിലുള്ളതും പുതിയതുമായ അഞ്ചിലധികം ഇനങ്ങളിലേക്ക് മത്സരിക്കാനുള്ള പരിശീലനം നേടി വരികയാണ് ശാന്തി. ഇപ്പോള്‍ നേടിയത് തന്റെ മികച്ച സേ്കാറായിരുന്നില്ലെന്നും ഈ ഇനത്തില്‍ തന്റെ സേ്‌കോര്‍ 60 ലേക്കുയര്‍ത്താനുള്ള ശ്രമമാണ് അടുത്തതെന്നും ശാന്തി പറയുന്നു.

മറ്റു പരിശീലനങ്ങളോ സ്‌പോണ്‍സര്‍ഷിപ്പോ ശാന്തിക്ക് ലഭിച്ചിട്ടില്ല. വേള്‍ഡ് മെമ്മറി ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കുക എന്നതാണ് ശാന്തിയുടെ ലക്ഷ്യം. ഏകമകള്‍ രണ്ടു വയസുകാരി യാമി. ഗിന്നസ് ലോക റിക്കോര്‍ഡിനു പുറമേ ഇന്ത്യാ ബുക്ക് ഓഫ് റിക്കോര്‍ഡ് അംഗീകാരത്തിനു വേണ്ടിയും കാത്തിരിക്കുകയാണ് ശാന്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News