കശാപ്പ് നിരോധനം; മോദിസര്‍ക്കാര്‍ നീക്കം ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി; കോടതിയെ സമീപിക്കാന്‍ തീരുമാനം; നാളെ പ്രത്യേക നിയമസഭാ സമ്മേളനം

തിരുവനന്തപുരം: കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് മോദിസര്‍ക്കാര്‍ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന അധികാരത്തിലേക്ക് ചട്ടങ്ങളിലൂടെ കടന്നു കയറാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇത്തരമൊരു ചട്ടമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കേണ്ടതാണെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. വിഷയത്തില്‍ നാളെ പ്രത്യേക നിയമസഭാ സമ്മേളനവും വിളിക്കും.

കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പുചെയ്യുന്നതിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതവും ജീവിതമാര്‍ഗവും തകരാറിലാക്കുന്നതാണെന്നും അതിനാല്‍ തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വിഷയത്തില്‍ പിന്തുണ തേടിക്കൊണ്ട് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു.

വിഷയത്തില്‍ ഭരണപ്രതിപക്ഷങ്ങള്‍ ഒറ്റക്കക്ഷിയാണ്. കശാപ്പ് നിരോധനം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നു കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍ ആവശ്യപ്പെട്ടിരുന്നു. കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കു കോണ്‍ഗ്രസ് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഹസന്‍ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News