നീര്‍മ്മാതളത്തിന്റെ സുഗന്ധം പരത്തിയ എഴുത്തുകാരിയുടെ ഓര്‍മ്മകള്‍ക്ക് 8 വയസ്, ആ നഷ്ട നീലാംബരിയുടെ ഓര്‍മ്മയില്‍ മലയാളം

നീര്‍മാതളത്തിന്റെ സുഗന്ധത്തിനൊപ്പം നഷ്ടപ്പെട്ട നീലാംബരിയുടെ നോവും തണുത്തുറഞ്ഞ നെയ്പ്പായസത്തിലെ അമ്മയുടെ ഗന്ധവും മാധവിക്കുട്ടി മലയാളികള്‍ക്ക് പറഞ്ഞുതന്നു. എന്നിട്ടും മലയാളം മാധവിക്കുട്ടിയ്ക്ക് തിരിച്ചെന്ത് നല്‍കി. സഹിക്കാന്‍ കഴിയാത്ത ചീഞ്ഞു നാറുന്ന അപമാനങ്ങളല്ലാതെ. പറയാന്‍ പാടില്ലാത്തതൊക്കെ വളിച്ചുപറയുന്നുവെന്നായിരുന്നു മാധവിക്കുട്ടി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സദാചാരബോധം കൊണ്ടുനടക്കുന്ന മലയാളികള്‍ അവരെ കുറ്റപ്പെടുത്തിയത്.

അത് മനസ്സിലാക്കാന്‍ നാം വല്ലാതെ വൈകിപ്പോയെന്ന യാഥാര്‍ത്ഥ്യവും ഇവിടെ ബാക്കിയാകുന്നു. പുന്നയൂര്‍ക്കുളത്തെ തറവാട്ടു പറമ്പിലെ നീര്‍മാതളത്തിന്റെ ഗന്ധം മാധവിക്കുട്ടി ലോകത്തിന് പരിചയപ്പെടുത്തി. കൊല്‍ക്കത്തയിലെ നഗരജീവിതത്തിനിടയിലും മനസ്സുകൊണ്ട് ആ കഥാകാരി പുന്നയൂര്‍കുളത്ത് ജീവിച്ചു. കമലാദാസ് എന്ന് പുറം ലോകവും മാധവിക്കുട്ടിയെന്ന് മലയാളികളും സ്‌നേഹത്തോടെ അവരെ വിളിച്ചു.

ഒരു പെണ്ണ് പറയാന്‍ പാടില്ലാത്തതൊക്കെ വിളിച്ചുപറയുന്നുവെന്നാരോപിച്ച് കണ്ണുരുട്ടിയവര്‍ പോലും ആ അക്ഷരങ്ങളെ മനസ്സില്‍ പകര്‍ത്തിവച്ചു എന്നതാണ് മാധവിക്കുട്ടിയെന്ന കമലാ സുരയ്യയുടെ വിജയവും. എതിര്‍ത്തവര്‍ക്കും വൃത്തികേട് പറഞ്ഞ് പരിഹസിച്ചവര്‍ക്കും കമലയുടെ തൂലികയുടെ ശക്തിയെ ഒന്ന് തൊടാന്‍ പോലും സാധിച്ചില്ല. അവര്‍ വീണ്ടും വീണ്ടും ധീരമായി എഴുതികൊണ്ടേയിരുന്നു. എഴുത്തിലൂടെ സ്വന്തം ലോകം സൃഷ്ടിച്ച് അതില്‍ ജീവിച്ചു.

ഇതിനിടെ കൃഷ്ണബിംബത്തെ അല്ലാഹുവിലേയ്ക്ക് മാറ്റി മാധവിക്കുട്ടി കമല സുരയ്യയായത് പലര്‍ക്കും ദഹിച്ചില്ല. അതിനും തന്റെതായ മറുപടി നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞു. സമൂഹികവിമര്‍ശനങ്ങള്‍ക്കൊന്നും കമലയുടെ ഉറച്ച മനസ്സിനെ തൊട്ട് തീണ്ടാനായില്ല. എല്ലാവര്‍ക്കും ധീരമായ മറുപടിയും മനോഹരമായ പുഞ്ചിരിയും നല്‍കി കമല മലയാളികളുടെ മനസ്സില്‍ ജീവിച്ചു.

ഇത്രയേറെ തീവ്രമായി, നൈസര്‍ഗികമായി നിഷ്‌കളങ്കമായി കഥപറഞ്ഞു തന്ന മറ്റൊരു പെണ്ണെുഴുത്തുകാരി മലയാളത്തില്‍ കമലയ്ക്ക് മുന്‍പും ശേഷവും ഉണ്ടായിട്ടുണ്ടോയെന്നത് സംശയമാണ്. എന്നാല്‍ സ്വന്തം എഴുത്തില്‍ പെണ്ണെഴുത്തിന്റെ അപാരമായ സാധ്യതകളുണ്ടായിരുന്നിട്ടും അതിന്റെ പേരില്‍ സ്വയം ആഘോഷിക്കാന്‍ മാധവിക്കുട്ടി ശ്രമിച്ചിട്ടില്ല.

സ്വപ്‌നവും ജീവിതവും രണ്ടും രണ്ടുവഴിയ്ക്ക് നീങ്ങിയപ്പോഴുണ്ടായ നഷ്ടബോധങ്ങളും സ്വപ്‌നങ്ങളുമാണ് മാധവിക്കുട്ടി മലയാളത്തിന് സമ്മാനിച്ച മിക്ക കൃതികളിലും വായിച്ചെടുക്കാന്‍ കഴിയുന്ന അനുഭവം. 1984ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് കമലാദാസ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. കവിതകളിലൂടെയും ആത്മാംശമുള്ള കഥകളിലൂടെയുമാണ് മാധവിക്കുട്ടി പ്രശസ്തയായത്.

1999ല്‍ ആയിരുന്നു എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കൃഷ്ണസങ്കല്‍പ്പം വെടിഞ്ഞ് കലമ അല്ലാഹുവില്‍ വിശ്വസിക്കാന്‍ തുടങ്ങുകയും കമല സുരയ്യ എന്ന് പേര് മാറ്റുകയും ചെയ്തത്. മാധവിക്കുട്ടി വിളിച്ചു പറഞ്ഞതൊന്നും സഹിക്കാന്‍ കഴിയാതെ പോയ ചില സദാചാരക്കാര്‍ അവരെ കത്തുകളിലൂടെയും ഫോണ്‍ കോളുകളിലൂടെയും നോവിച്ചുകൊണ്ടേയിരുന്നു. മലയാളികളുടെ ഈ മാനസികാവസ്ഥയെക്കുറിച്ച് പലപ്പോഴായി പല അഭിമുഖങ്ങളിലും മാധവിക്കുട്ടി വേദനയോടെ പറഞ്ഞിട്ടുണ്ട്.

ഇംഗ്ലീഷിലും എഴുതി പ്രശസ്തയായെങ്കിലും മാധവിക്കുട്ടി സഹൃദയരായ മലയാളികള്‍ ഓരോരുത്തരുടെയും സ്വകാര്യ അഹങ്കാരമാണ്. വിശ്വാസവും, മതവും, മതം മാറ്റവും തുടങ്ങി തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങള്‍ ചികയാതെ അതിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താതെ അവര്‍ വായിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ആ എഴുത്തുകാരിയുടെ ഓര്‍മ്മകള്‍ മലയാളിയുടെ മുറ്റത്ത് വലിയ നൊമ്പരവും സ്‌നേഹവും സന്തോഷവും ആശ്വാസവുമായി നിലകൊളളുക തന്നെ ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News