ദില്ലി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എണ്ണിയെണ്ണി ചൂണ്ടികാണിച്ചു. വര്‍ഗ്ഗീയ ദ്രുവീകരണം ശക്തിപ്പെട്ടതല്ലാതെ മൂന്ന് വര്‍ഷത്തെ എന്‍ ഡി എ ഭരണത്തിന് നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
മൂന്ന് വര്‍ഷത്തെ എന്‍ ഡി എ സര്‍ക്കാറിന്റെ ഭരണപരായജയങ്ങള്‍ ചൂണ്ടിക്കാട്ടി സി പി ഐ പ്രസിദ്ധീകരിച്ച പൂസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി. അധികാരത്തിലെത്തുമ്പോള്‍ നരേന്ദ്ര മോദി നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

ജനങ്ങളുടെ മേല് കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിച്ചു. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ3രുമായി. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളുടെ ഭാഗമായി ഐടി മേഖലയില്‍ ലക്ഷക്കണക്കിനു പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കാര്‍ഷിക മേഖല തകര്‍ന്നതിന്റെ ഫലമായി രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടെ പൊതുവിതരണ സംവിധാനം താറുമാറാക്കി.

കന്നുകാലി കശാപ്പ് നിരോധനത്തിനെതിരേയും യെച്ചൂരി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ഫെഡറല്‍ സംവിധാനം തകര്‍ത്തുകൊണ്ട് സംസഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണണാണ് കശാപ്പിനായുള്ള കന്നുകാലി വില്‍പ്പന തടഞ്ഞു കൊണ്ടുളള വിജ്ഞാപനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്ത് മൂന്നു വര്‍ഷത്തനിടെ ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു. ആര്‍ എസ് സി ന്റെ നിയമമാണ് രാജ്യത്തെ നടപ്പാക്കുന്നത്. പ്രധാനമന്ത്രിയുടെ വിദേശ യാത്രകളുടെ എണ്ണം വര്‍ദ്ധിച്ചതല്ലാതെ വിദേശ നയം പരാജയപ്പെടുന്നതാണ് കണ്ടതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു