കളിയും ചിരിയും ഇനി സ്‌കൂളില്‍; സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന്‌ തുറക്കും; ഇക്കുറി പ്രവേശനോത്സവം തകര്‍ക്കും

രണ്ട്മാസം നീണ്ട അവധിയുടെ ആലസ്യത്തിനും ആഘോഷത്തിനുമൊക്കെ വിട. ഇനി പുതിയൊരു അധ്യയനവര്‍ഷത്തിലേക്ക്. സ്‌കൂളുകളെല്ലാം കുട്ടികളെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്നു. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തുന്നവരെ കാത്തിരിക്കുന്നത് പുസ്തകവും ബാഗും കുടയും മധുരവും പിന്നെ കൈനിറയെ സമ്മാനങ്ങളുമാണ്.

കളിച്ചും ചിരിച്ചും ഉറക്കെ കരഞ്ഞും സ്‌കൂളുകളിലേക്ക് കുരുന്നുകള്‍ എത്തും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും വിപുലമായ രീതിയിലാണ് പ്രവേശനോല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്. സര്‍വ്വശിക്ഷാഅഭിയാന്‍ സംഘടിപ്പിക്കുന്ന സ്‌കൂള്‍ പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് വേദിയാകുന്നത് തിരുവനന്തപുരം ഊരുട്ടമ്പലത്തിലെ ഗവ.എല്‍പി യുപി സ്‌കൂളുകളാണ്. അധസ്ഥിതര്‍ക്ക് അക്ഷരം നിഷേധിച്ചവര്‍ക്കുനേരെ ഉയര്‍ന്ന പ്രതിഷേധത്തിന്റെ ജീവിക്കുന്ന അടയാളമായ ഊരുട്ടമ്പലം യുപി സ്‌കൂള്‍ അങ്കണം പ്രവേശനോല്‍സവത്തിന്റെ ആഘോഷതിമിര്‍പ്പിലാണ്.

വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക് വിദ്യാഭ്യാസമന്ത്രി കഥ പറഞ്ഞുകൊടുക്കും. ആ കഥകേട്ടാണ് കുട്ടികള്‍ വിദ്യാലയത്തിലേക്ക് നടന്നുനീങ്ങുന്നത്.

പ്രവേശനോല്‍സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്യും. വിവിധ ജില്ലകളില്‍ ജില്ലാ പ്രവേശനോല്‍സവങ്ങളും നടത്തുന്നുണ്ട്. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങളും കുട്ടികള്‍ക്കായി എത്തിച്ചിട്ടുണ്ട്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാംക്‌ളാസില്‍ പ്രവേശനം നേടിയവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here