ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിന്റെ മോചനത്തിനായി പൊതുയോഗങ്ങള്‍ ചേരുന്നു; യോഗം ചേരുന്നത്‌ നിസാമിന്റെ പേര് വെളിപ്പെടുത്താത നോട്ടീസിലൂടെ ആളെ ക്ഷണിച്ച്

തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിന്റെ മോചനത്തിനായി തൃശൂരില്‍ പൊതുയോഗം ചേരുന്നു. ചന്ദ്രബോസിന്റെ മരണം യാദൃശ്ചികമാണെന്നും കാരുണ്യവാനായ നിസാമിനെ പുറത്തു കൊണ്ടുവരേണ്ടതുണ്ടെന്ന് വ്യക്തമാക്കി നോട്ടീസ് ഇറക്കിയാണ് ഇന്ന് യോഗം വിളിച്ചത്. അന്തിക്കാട് മുറ്റിച്ചൂരിലാണ് പൊതുയോഗം നടക്കുകയെന്ന് സംഘാടകരുടെ പേര് വെളിപ്പെടുത്താത്ത നോട്ടീസില്‍ പറയുന്നു.

തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന വിവാദ വ്യവസായി മുഹമ്മദ് നിസാമിനെ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ന് നാട്ടുകാര്‍ യോഗം ചേരുന്നത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം കഠിന തടവ് അനുഭവിക്കുന്ന നിസാമിനായി പേര് വെളിപ്പെടുത്താത നോട്ടീസിലൂടെയാണ് പൊതുയോഗത്തിനായി ക്ഷണം നല്‍കിയത്. നിസാമിന്റെ സ്ഥാപനങ്ങളിലെ തൊഴിലാളികളും ബന്ധുക്കളും സുഹൃത്തുക്കളുമാണ് യോഗത്തിന് എത്തുക.

ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മരണം യാദൃശ്ചികമാണെന്നും അതില്‍ ഖേദമുണ്ടെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍ മുഹമ്മദ് നിസാം കാരുണ്യവാനും ധനസഹായിയും ആണെന്നും, നിസാം ജയിലിലായതോടെ ആയിരക്കണക്കിന് തൊളിലാളികളുടെ കുടുംബം പ്രതിസന്ധിയിലായെന്നും വ്യക്തമാക്കുന്നു. ചന്ദ്രബോസ് വധക്കേസ് കൈകാര്യം ചെയ്തതില്‍ മാധ്യമങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനവും നോട്ടീസിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel