ജാതിയും മതവും വേണ്ട; മാതൃകയായി എം ബി രാജേഷ് എംപി; മകള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ മലയാളം പഠിക്കും, ബലറാമിന്റെ മകനും സര്‍ക്കാര്‍ സ്‌കൂളില്‍

പാലക്കാട്: തന്റെ രണ്ടാമത്തെ മകളെയും സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്താണ് എം ബി രാജേഷ് എം പി മാതൃകയായത്. ജാതിയും മതവും ഏതെന്ന കോളത്തില്‍ ഇല്ല എന്ന് കൂടിയെഴുതിയതോടെ രാജേഷിന് അഭിനന്ദനപ്രവാഹമാണുണ്ടായിരിക്കുന്നത്. ഇളയമകള്‍ പ്രിയദത്തയെ പാലക്കാട് ഈസ്റ്റ് യാക്കര  ഗവ. എല്‍.പി.സ്‌കൂളിലാണ് ചേര്‍ത്തത്.

കേന്ദ്രീയ വിദ്യാലയത്തില്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് പ്രത്യേക ക്വാട്ട അനുവദിച്ചിട്ടുള്ളത് വേണ്ടെന്ന് വെച്ചായിരുന്നു രാജേഷിന്റെ തീരുമാനം. മൂത്ത മകള്‍ നിരഞ്ജനയെ ഗവ.മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം കഌസിലും ചേര്‍ത്തിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെ രാജേഷ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രീയ വിദ്യാലയവും സര്‍ക്കാര്‍ സ്‌കൂളാണെങ്കിലും അവിടെ മലയാളം ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചതെന്ന് രാജേഷ് പറഞ്ഞു.


പൊതുവിദ്യാലയങ്ങളുടെ മികവിലുള്ള വിശ്വാസവും സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തെ നവീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളിലുള്ള പ്രതീക്ഷയുമാണ് മക്കളെ പൊതുവിദ്യാലയത്തില്‍ പഠിപ്പിക്കാന്‍ പ്രേരണയായ ഘടകങ്ങള്‍. ഒപ്പം വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്ന കാലം മുതല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് നടത്തിയ പ്രക്ഷോഭങ്ങളും അതിനേറ്റു വാങ്ങേണ്ടി വന്ന പൊലീസ് മര്‍ദ്ദനത്തിന്റെയും ജയില്‍ വാസത്തിന്റെയും ഓര്‍മ്മകളും അനുഭവങ്ങളും മക്കളെ പൊതുവിദ്യാലയത്തില്‍ തന്നെ പഠിപ്പിക്കണമെന്ന നിര്‍ബന്ധത്തിന് പിന്നിലുണ്ട്.

ജാതിയും മതവും ചോദിക്കുന്ന കോളത്തിന് നേരെ ‘ഇല്ല’ എന്നെഴുതിയതാനായത് പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ അഭിമാനമുണ്ടെന്നും രാജേഷ് പറഞ്ഞു. കോണ്‍ഗ്രസിലെ യുവ എം.എല്‍.എ വി.ടി.ബല്‍റാമും മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് മാതൃക കാട്ടിയിരുന്നു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here